Entertainment
അന്ന് ഏത് വശത്തേക്ക് ഓടണമെന്ന് അറിയില്ലായിരുന്നു; ലാലേട്ടനാണ് പറഞ്ഞു തരുന്നത്: നദിയ മൊയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 12, 02:14 pm
Saturday, 12th October 2024, 7:44 pm

തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നദിയ മൊയ്തു. നോക്കാത്തദൂരത്തു കണ്ണുംനട്ട് എന്ന സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഇഷ്ടം നേടിയെടുക്കാന്‍ നദിയക്ക് സാധിച്ചിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നോക്കെത്താദൂരത്തു കണ്ണുംനട്ട്.

സിനിമയില്‍ ഗേളി മാത്യു എന്ന കഥാപാത്രമായാണ് നടി എത്തിയത്. നദിയ മൊയ്തുവിന് പുറമെ പത്മിനി, മോഹന്‍ലാല്‍ എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് നദിയ.

തനിക്ക് സിനിമയില്‍ കോമ്പിനേഷന്‍ കൂടുതലും പത്മിനിയുമായിട്ടായിരുന്നു എന്നും മോഹന്‍ലാലിനോട് കൂടുതല്‍ സംസാരിച്ചിട്ടുള്ളത് തന്റെ പപ്പയാണെന്നും നദിയ പറയുന്നു. എന്നാല്‍ ചിത്രത്തിലെ ബീച്ച് സീനില്‍ എങ്ങോട്ട് ഓടണമെന്ന് പറഞ്ഞു തന്നത് മോഹന്‍ലാല്‍ ആണെന്നും നടി കൂട്ടിച്ചേര്‍ത്തു. മനോരമ മാഗസിനോട് സംസാരിക്കുകയായിരുന്നു നദിയ മൊയ്തു.

‘എനിക്ക് കോമ്പിനേഷന്‍ കൂടുതലും പത്മിനി ആന്റിയുമായല്ലേ. ഞാന്‍ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളതും ആന്റിയോടാണ്. ലാലേട്ടനോട് കൂടുതല്‍ സംസാരിച്ചിട്ടുള്ളത് എന്റെ പപ്പയാണ്. ഗേളിയും ശ്രീകുമാറും ബീച്ചില്‍ സംസാരിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ ഞങ്ങള്‍ ഞണ്ടിന് പിറകെ ഓടുന്ന സീനുണ്ട്. എനിക്ക് അപ്പോള്‍ ഏത് വശത്തേക്ക് ഓടണമെന്നൊന്നും അറിയില്ല.

എന്നോട് ഓടാന്‍ പറഞ്ഞു ഞാന്‍ ഓടി. ആ സമയത്ത് ലാലേട്ടനാണ് ‘നദിയ ഈ സൈഡിലേക്ക് ഓടിയാല്‍ കുറച്ചുകൂടി നന്നാകും’ എന്ന് പറഞ്ഞത്. അതിന് ശേഷവും ഞങ്ങള്‍ കുറെ സിനിമകള്‍ ഒന്നിച്ചു ചെയ്തു. അതുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ‘നീരാളി’ എന്ന സിനിമയില്‍ അഭിനയിച്ചു,’ നദിയ മൊയ്തു പറഞ്ഞു.

Content Highlight: Nadhiya Moidu Talks About Mohanlal