കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത നദീറിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.
ആഭ്യന്തരസുരക്ഷാ വിഭാഗം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നദീറിനെ ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രണ്ട് മണിയോടെ വിട്ടയയ്ക്കുകയായിരുന്നു.
“ഇന്ന് 11 മണിക്ക് ആറളം കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു കോഴിക്കോട് ഡി.വൈ.എസ്.പി രഞ്ജിത്തിന്റെ ഓഫീസില്‍ ഹാജരാകണമെന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ നിലവില്‍ തന്റെ കേസ് പെന്‍ഡിംഗില്‍ ആണ്. അന്ന് കസ്റ്റഡിയില്‍ എടുത്തതിനു ശേഷം വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ പറയുന്നത് ഇപ്പോഴാണെന്നും” നദി പ്രതികരിച്ചു.
നദീറിനെതിരെ ചുമത്തപ്പെട്ട യു.എ.പി.എ തള്ളിയെന്നും നദീറിനെതിരെ യാതൊരു കേസുമില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നദീറിനെതിരെ പൊലീസ് വീണ്ടും മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. കണ്ണൂര്‍ പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിച്ചിരിക്കുന്ന മാവോയിസ്റ്റുകളുടെ ചിത്രമടങ്ങിയിരിക്കുന്ന ലുക്ക് ഔട്ട് നട്ടീസില്‍ നദീറിന്റെ ഫോട്ടോയും പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു.
ആറളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത FIR 148/16 ന്റെ ഭാഗമായി 2016 ഡിസംബര്‍ 19 ന് ആണ് നദീറിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്ന പേരിലായിരുന്നു അറസ്റ്റ് ചെയ്തത്.
എന്നാല്‍ പൊലീസ് നടപടി വിവാദമായതോടെ തെളിവില്ലെന്ന് പറഞ്ഞ് അടുത്ത ദിവസം പുറത്ത് വിടുകയായിരുന്നു. നദീര്‍ മാവോയിസ്റ്റ് ആണെന്നായിരുന്നു പോലീസ് ഭാഷ്യം.