| Saturday, 4th February 2017, 12:26 pm

നദീര്‍ മാവോയിസ്റ്റല്ല, പൊലീസ് കള്ളപ്രചരണം നടത്തുകയാണെന്ന് മാവോയിസ്റ്റ് പത്രക്കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: ആറളം ഫാമില്‍ മാവോയിസ്റ്റുകളോടൊപ്പം പ്രചരണം നടത്തിയെന്ന് പൊലീസ് ആരോപിക്കുന്ന നദീറിന് മാവോയിസ്റ്റ് കബനിദളവുമായി യാതൊരു ബന്ധവുമില്ലെന്ന് മാവോയിസ്റ്റ് പത്രക്കുറിപ്പ്. പൊലീസ് മാവോയിസ്റ്റുകള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണെന്നും കള്ളപ്രചരണം നടത്തുകയാണെന്നും കുറിപ്പില്‍ പറയുന്നു.

ആറളത്തെ ആദിവാസി കോളനികളില്‍ ആയുധവുമായെത്തിയ മാവോയിസ്റ്റുകള്‍ ആളുകളെ ഭീഷണിപ്പെടുത്തിയെന്ന പൊലീസിന്റെ വാദത്തേയും പത്രക്കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്. ജനങ്ങളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുന്നത് മാവോയിസ്റ്റുകളുടെ സ്വഭാവമല്ല പൊലീസിന്റെ രീതിയാണെന്നും ആയുധവും ജയിലും കേസും ജോലിയില്‍ നിന്ന് പിരിച്ചുവിടലും കാണിച്ച് പൊലീസാണ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും അവര്‍ പറയുന്നു.

നദീര്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഭരണകൂട ശക്തികളുടേതിന് സമാനമായ നിലപാടെടുത്തയാളാണ്. അതുകൊണ്ട് നദീര്‍ പരസ്യമായി മാവോയിസ്റ്റ് സ്‌ക്വാഡില്‍ പ്രവര്‍ത്തിച്ചു എന്ന് പറയുന്നത് സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

നാളെ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആരും സന്നദ്ധരാകരുതെന്നതാണ് പലരുടേയും മേല്‍ യു.എ.പി.എ പോലുള്ള കരി നിയമങ്ങള്‍ ചുമത്തുന്നതിന്റെ ലക്ഷ്യമെന്നും കുറിപ്പില്‍ പറയുന്നു. മാവോയിസ്റ്റ് മുഖപത്രമായ കാട്ടുതീയ്ക്ക് വേണ്ടി നദീര്‍ വരിസംഖ്യ പിരിച്ചു എന്ന പോലീസ് ആരോപണത്തേയും മാവോയിസ്റ്റുകള്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. എഫോര്‍ ഷീറ്റില്‍ അച്ചടിക്കുന്ന കാട്ടുതീയ്ക്ക് എന്തിനാണ് വരിസംഖ്യ എന്നാണ് മാവോയിസ്റ്റുകള്‍ ചോദിക്കുന്നത്.


Also Read:‘ പ്രിന്‍സിപ്പാളെ പുറത്താക്കിയിട്ടേ ചോറുണ്ണൂ എന്ന വിദ്യാര്‍ത്ഥികളുടെ നിലപാട് ശരിയല്ല ‘ ; ലക്ഷ്മി നായര്‍ക്ക് പിന്തുണയുമായി ഗണേഷ് കുമാര്‍


യഥാര്‍ത്ഥ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന കുറിപ്പ് സി.പി.ഐ. മാവോയിസ്റ്റ് കബനിദളം ഏരിയാ കമ്മിറ്റി വക്താവ് മന്ദാകിനിയുടെ വിലാസത്തിലാണ് ഉള്ളത്.

We use cookies to give you the best possible experience. Learn more