| Thursday, 21st May 2020, 2:59 pm

പുതിയ നേതൃത്വവുമായി കളത്തിലിറങ്ങാൻ തയ്യാറെടുത്ത് ജെ.പി നഡ്ഡ; തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ പദ്ധതികളിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മെയ് മാസം അവസാനത്തോടെ പുതിയ നേതൃത്വവുമായി കളത്തിലിറങ്ങാൻ തയ്യാറെടുത്ത് ബി.ജെ.പി പ്രസിഡന്റ് ജെ.പി നഡ്ഡ. മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും ബി.ജെ.പിയുടെ നേത‍ൃനിരയിൽ വരുന്ന പുതിയ നേതാക്കളെ നഡ്ഡ തെരഞ്ഞെടുക്കുക. ഇതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിയാലോചന തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബി.ജെ.പി പ്രസിഡന്റായി ചുമതലയേറ്റിട്ട് നാല് മാസം ആയെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പും തൊട്ടു പിന്നാലെ വന്ന കൊവിഡ് 19 പ്രതിസന്ധിയും കാരണം പുതിയ ടീമിനെ പ്രഖ്യാപിക്കുന്നത് നീണ്ടു പോകുകയായിരുന്നു.

ചില മുതിർന്ന നേതാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി പുതിയ ഫോർമുല പ്രകാരമായിരിക്കും നഡ്ഡ പുതിയ ടീമം​ഗങ്ങളെ തെരഞ്ഞെടുക്കുക എന്നാണ് സൂചനയെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. പല മുതിർന്ന നേതാക്കളുടെയും ഉത്തരവാദിത്തങ്ങൾ മാറ്റി നൽകാനും അദ്ദേഹത്തിന് പദ്ധതിയുണ്ടെന്നാണ് സൂചനകൾ. ബീഹാർ, പശ്ചിമബം​ഗാൾ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഭൂപേന്ദ്ര യാദവും കൈലാഷ് വിജയ്വർ​ഗിയയും നേരത്തെ ഏർപ്പെടുത്തിയിരുന്ന ചുമതലകളിൽ തന്നെ തുടരുമെന്നാണ് സൂചനകൾ.

​ഗുജറാത്തിലും, ഹിമാചൽപ്രദേശിലും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പുതുമുഖങ്ങളെ ഇറക്കി പരീക്ഷണം നടത്താനാണ് നഡ്ഡയുടെ പദ്ധതി. ഇവിടെ മുതിർന്ന നേതാക്കൾക്ക് നേതൃത്വത്തിൽ നിർണായക ചുമതല നൽകുമെന്നും എ.എൻ.ഐ റിപ്പോർടട്ട് ചെയ്യുന്നു.

പാർട്ടിയിലെ തന്നെ നിർണായക ഘടകമായ പാർലമെന്ററി ബോർഡിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്നും സൂചനകളുണ്ട്. അമിത് ഷാ വൈസ് പ്രസിഡന്റുമാരായി നിയമിച്ച വസുന്ധര രാജേയ്ക്കും രമൺ സിങിനും പുതിയ ചുമതലകളായിരിക്കും നഡ്ഡയുടെ ടീമിൽ എന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more