ന്യൂദല്‍ഹി: മോദിക്ക് പിന്നാലെ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ട് വിവാദ പ്രസ്താവനയുമായി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയും. മുസ്‌ലിങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനായി എസ്.സി, എസ്.ടി വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ജെ.പി. നദ്ദ പറഞ്ഞു.
ഇത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഹിഡന്‍ അജണ്ടയാണെന്നും ജെ.പി. നദ്ദ കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് നദ്ദയുടെ പ്രസ്താവന.
ന്യൂനപക്ഷ സമുദായത്തെ പട്ടികജാതി വിഭാഗങ്ങളായി പ്രഖ്യാപിക്കാനും അവര്‍ക്ക് സംവരണം നല്‍കാനും പണ്ട് മുതലേ വാദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 2006ലും 2009ലും സമാനമായ അഭിപ്രായങ്ങള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പറഞ്ഞിരുന്നു.
കര്‍ണാടകയില്‍ ഉള്‍പ്പടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ആ നീക്കം തടഞ്ഞു. പിന്നീട് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ നടപടി തിരികെ കൊണ്ടുവന്നെന്നും നദ്ദ പറഞ്ഞു.
2009ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മുസ്‌ലിങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഭൂരിപക്ഷവാദത്തിനെതിരായ 2024ലെ പ്രകടന പത്രികയിലെ കോണ്‍ഗ്രസ് നിലപാട് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിവരോടുള്ള അവരുടെ വെറുപ്പ് അടിവരയിടുന്നതാണ്.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും നദ്ദ അവകാശപ്പെട്ടു. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ അവസ്ഥ ദലിത് വിഭാഗത്തെക്കാള്‍ താഴെ ആണെന്ന് പറഞ്ഞിരിക്കുന്നത്. മുസ്‌ലിങ്ങളെ എസ്.സികളായി പ്രഖ്യാപിക്കുക വഴി ദലിതര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് നിലമൊരുക്കിയതെന്നും ജെ.പി. നദ്ദ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം അവസാനിച്ചപ്പോള്‍ തങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കില്ലെന്ന് മനസ്സിലാക്കി ബി.ജെ.പി ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്.
Content Highlight: Nadda says Cong seeks to give Muslims quota meant for SCs, OBCs