| Wednesday, 24th March 2021, 7:33 pm

നാദാപുരത്ത് ലീഗ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന 'മാപ്പിള സഖാക്കളെ' ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം; പരാതി നല്‍കി ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം: നാദാപുരം പഞ്ചായത്തിലെ ചേലക്കാട് മേഖലയില്‍ മുസ്‌ലിം ലീഗില്‍ നിന്ന് രാജി വെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കുടുംബങ്ങളെ ഒറ്റപ്പെടുത്താന്‍ ശ്രമമെന്ന് പരാതി. ചേലക്കാട് മേഖലയിലെ ‘മാപ്പിള സഖാക്കളെ’ ഒറ്റപ്പെടുത്തണമെന്നാണ് പ്രദേശത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തുന്ന ആഹ്വാനമെന്നാണ് ലീഗില്‍ നിന്ന് രാജിവെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന ബഷീര്‍, ഫൈസല്‍ എന്നിവര്‍ പറയുന്നത്.

മാര്‍ച്ച് 22നാണ് ചേലക്കാട്ടെ 17ഓളം വരുന്ന മുസ്‌ലിം കുടുംബങ്ങള്‍ സി.പി.ഐ.എമ്മിലേക്കെത്തുന്നത്. സി.പി.ഐ.എം നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലാണ് ഇവര്‍ക്ക് സ്വീകരണം നല്‍കിയത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ കുടുംബങ്ങളെ ഒറ്റപ്പെടുത്തണമെന്നും, മുസ്‌ലിം ലീഗിന്റെ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന, പാര്‍ട്ടി വിട്ട ബഷീര്‍ എന്നയാളുടെ കോഴിക്കടയില്‍ നിന്ന് സാധനം വാങ്ങിക്കരുതെന്നുമുള്ള പ്രചാരണങ്ങളാണ് ലീഗ് പ്രദേശത്ത് നടത്തുന്നതെന്നാണ് പരാതി. പാചകക്കാരന്‍ കൂടിയായ ബഷീറിനെ ജോലിക്ക് വിളിക്കരുതെന്നും പ്രചരിപ്പിക്കുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തില്‍ വ്യാപകമായി പ്രചാരണം നടത്തുന്നതെന്ന് സംഭവത്തിനെതിരായി നാദാപുരം പൊലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയില്‍ പറയുന്നു.

‘ചേലക്കാടുള്ള മുസ്‌ലിങ്ങളോട്, മാപ്പിള സഖാവ് ബഷീറിന്റെ കോഴിക്കടയില്‍ നിന്ന് ആരും കോഴിയിറച്ചി വാങ്ങാതിരിക്കുക, പണിക്ക് വിളിക്കാതിരിക്കുക, ഇത് എല്ലാവരും ശ്രദ്ധിക്കണം,’ എന്നായിരുന്നു ശബ്ദ സന്ദേശം.

ചേലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘എ ടു ഇസഡ്’ എന്ന വാട്ട്‌സ്ഗ്രൂപ്പിലാണ് ചേലക്കാട്ടെ ‘മാപ്പിള സഖാക്കളെ’ ഒറ്റപ്പെടുത്തണമെന്ന് തരത്തില്‍ ശബ്ദ സന്ദേശം പുറത്ത് വന്നത്. ഇതിനെതിരെ നാദാപുരം പൊലീസില്‍ ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയില്‍, ഹമീദ് ഹാജി എന്നയാള്‍ അഡ്മിന്‍ ആയ പ്രസ്തുത വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്ന് മജീദ് കോയന്റവിട എന്നയാളാണ് ആദ്യമായി വോയിസ് മെസേജ് അയച്ചതെന്ന് പറയുന്നു.

കോഴിക്കടയ്ക്ക് പുറമെ താന്‍ കല്യാണ വീടുകളില്‍ ഭക്ഷണം ഉണ്ടാക്കാനും പോകാറുണ്ട്. എന്നാല്‍ തന്നെ ഇനി പണിക്ക് വിളിക്കരുതെന്നാണ് ഇവര്‍ പറയുന്നതെന്നാണ് ബഷീര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് സ്വീകരണം ഒക്കെ ലഭിച്ചിട്ട് രണ്ട് ദിവസം ആകുന്നേയുള്ളു. അതിനിടക്കാണ് കടയില്‍ നിന്ന് ഒന്നും വാങ്ങരുത്, പണിക്ക് വിളിക്കരുത് എന്ന തരത്തില്‍ ശബ്ദ സന്ദേശം പുറത്ത് വന്നത്. പാര്‍ട്ടി മാറിയതിന് ശേഷം ആര്‍.എസ്.എസുകാരെ കാണുന്നത് പോലെയാണ് ഞങ്ങളെ കാണുന്നത്,’ ബഷീര്‍ പറഞ്ഞു.

നാദാപുരം പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടിയു സെക്രട്ടറിയായിരുന്നു ബഷീര്‍. ചേലക്കാട് ടൗണ്‍ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും പാചക തൊളിലാളികളുടെ നാദാപുരം പഞ്ചായത്തിന്റെ പ്രസിഡന്റുമാണ് ഇദ്ദേഹം.

മുസ്‌ലിം ലീഗിന് മേല്‍ക്കൈ ഉള്ള പ്രദേശമാണ് നാദാപുരത്തെ ചേലക്കാട്. എന്നാല്‍ ലീഗ് വിട്ട് സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇവര്‍ക്കെതിരെ വര്‍ഗീയമായി സമീപിക്കുകയാണെന്നാണ് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന ലീഗിന്റെ മുന്‍ അംഗം ഫൈസല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘മുസ്‌ലിം ലീഗിനോടല്ല, ചേലക്കാട്ടെ മുസ്‌ലിങ്ങളോടാണ് അവര്‍ ഈ ആഹ്വാനം നടത്തിയിരിക്കുന്നത്. അതൊരു വര്‍ഗീയ പ്രശ്‌നം തന്നെയാണല്ലോ. ഇത് മുസ്‌ലിം ലീഗിന്റെ കോട്ടയാണ്. ഇവിടുത്തെ പാര്‍ട്ടി നേതൃത്വവുമായി ഇടപെടാന്‍ ഉണ്ടായ ബുദ്ധിമുട്ടാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ഒരാള്‍ ജനിച്ച് കഴിഞ്ഞാല്‍ അയാള്‍ ലീഗ് ആയിരിക്കണം എന്നൊക്കെ ഇവര്‍ക്ക് നിര്‍ബന്ധമാണ്. പക്ഷെ എത്ര കാലം എന്നുവെച്ചാണ് ലീഗില്‍ നില്‍ക്കുക? തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കേണ്ടേ?,’ ഫൈസല്‍ ചോദിച്ചു.

കുറച്ച് കാലങ്ങളായി ചേലക്കാട് മേഖലയിലെ ലീഗ് നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗില്‍ നിന്ന് വിമത സ്ഥാനാര്‍ത്ഥി വന്നത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. പാര്‍ട്ടി വിട്ട് എത്തിയവര്‍ക്കെതിരെ നടക്കുന്നത് വര്‍ഗീയപരമായ പ്രചാരണം കൂടിയാണെന്നാണ് പൊലീസില്‍ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ കല്ലാച്ചി മേഖലാ കമ്മിറ്റി സെക്രട്ടറി എ. കെ ബിജിത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗിന് ഒരു വിമത സ്ഥാനാര്‍ത്ഥി വരികയും ആ വ്യക്തി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ അന്ന് മത്സരിച്ച ഹമീദിനെ പിന്തുണച്ച് പ്രവര്‍ത്തിച്ച ഒരാളുടെ വീടിന് നേരെ ബോംബേറ് നടന്നിരുന്നു. മറ്റു ചിലരുടെ വീട് കയറി ആക്രമണവും ലീഗ് നടത്തിയിരുന്നു. ഇതിന് ശേഷം നിരവധി പ്രവര്‍ത്തകര്‍ ലീഗിനോട് പ്രതിഷേധിച്ച് പ്രവര്‍ത്തനങ്ങൡ നിന്ന് വിട്ട് നിന്നിരുന്നു. അതില്‍ ഉണ്ടായിരുന്ന 17 കുടുംബങ്ങളെയാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധവും ഊരുവിലക്കും കാരണമാണ് വരാതിരിക്കുന്നത്.

ഇവിടെ പലരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. അവരെ പണിക്ക് വിളിക്കാതിരിക്കുക, സാമ്പത്തികമായി ഒറ്റപ്പെടുത്തുക എന്നിവയാണ് ചെയ്യുന്നത്. മാപ്പിള സഖാക്കളെ ഒറ്റപ്പെടുത്തുക എന്ന തരത്തില്‍ വര്‍ഗീയമായ പ്രചാരണം കൂടിയാണ് ഇവര്‍ നടത്തുന്നത്. ഇതിനെതിരെയാണ് ഡി.വൈ.എഫ്.ഐ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്,’ ബിജിത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nadapuram Muslim League workers to boycott people who quit league and joined cpim

We use cookies to give you the best possible experience. Learn more