| Saturday, 13th August 2016, 5:47 pm

പാര്‍ട്ടി, കോടതിയായി വര്‍ത്തിക്കുന്നു; സി.പി.ഐ.എമ്മിനെതിരെ മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നാദാപുരത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പ്രതിയെ പാര്‍ട്ടി ശിക്ഷിച്ചുവെന്നും പാര്‍ട്ടി, കോടതിയായി വര്‍ത്തിക്കുകയാണെന്നും മജീദ് പറഞ്ഞു.

അസ്‌ലമിന്റെ കൊലപാതകത്തിനു പിന്നില്‍ സി.പി.ഐ.എം ആണെന്ന് മുസ്‌ലിം ലീഗ് നേരത്തെ ആരോപിച്ചിരുന്നു. ഷിബിന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടാലും തങ്ങള്‍ വെറുതേ വിടില്ലെന്ന് സി.പി.ഐ.എം നേതാക്കള്‍ പരസ്യമായ ഭീഷണി മുഴക്കിയിരുന്നുവെന്നും ലീഗ് ആരോപണമുന്നയിച്ചിട്ടുണ്ട്.

സി.പി.ഐ.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിലേക്കു നയിച്ചതെന്ന് യൂത്ത് ലീഗും ആരോപിക്കുന്നു.

ഇന്നലെ വൈകിട്ട് വടകരയില്‍ നിന്നു നാദാപുരത്തേക്കു ബൈക്കില്‍ പോവുകയായിരുന്ന അസ്‌ലമിനെ കാറില്‍ പുറകെയെത്തിയ സംഘം വെട്ടുകയായിരുന്നു. കൈക്കും മുഖത്തും പരുക്കേറ്റ അസ്‌ലമിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

തൂണേരി ഷിബിന്‍ വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു മുഹമ്മദ് അസ്‌ലം. കേസില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. മാറാട് സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്.  ഷിബിന്റെ കൊലപാതകത്തെത്തുടര്‍ന്ന് നാദാപുരം പ്രദേശത്തു വ്യാപകമായ രീതിയില്‍ അക്രമസംഭവങ്ങളും അരങ്ങേറിയിരുന്നു.

We use cookies to give you the best possible experience. Learn more