| Monday, 18th September 2017, 11:31 am

പശുവിനെ കുറിച്ച് മിണ്ടിപ്പോകരുത്; ബീഫ്, ദളിതന്‍, പാക്കിസ്ഥാന്‍, ഫാഷിസം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത്: നാദാപുരം കോളജ് മാഗസിന് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാദാപുരം: നാദാപുരം ഗവണ്‍മെന്റ് കോളജ് മാഗസിന് വിലക്ക്. മാഗസിനെ ഫാഷിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ ഒഴിവാക്കാനാണ് കോളേജ് അധികൃതരുടെ നിര്‍ദേശമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നാദാപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രഥമ വാര്‍ഷിക മാഗസിനായ “ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല് ” എന്ന മാഗസിനാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ബീഫ് വിഷയത്തിലെ അടക്കമുള്ള സൃഷ്ടികള്‍ മാഗസിനില്‍ നിന്നും ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

മാഗസിന്‍ അച്ചടിക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മാഗസിനില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.


Dont Miss ‘ഇതുകണ്ടെങ്കിലും ഞങ്ങളെ ശ്രദ്ധിക്കണം’ പിറന്നാള്‍ദിനത്തില്‍ മോദിക്ക് 68 പൈസയുടെ ചെക്ക് അയച്ച് കര്‍ഷകരുടെ പ്രതിഷേധം


കവര്‍ പേജിലെ പശുവിന്റെ ചിത്രം ഒഴിവാക്കണമെന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. ആമുഖത്തിലെ “ബീഫ് ” മാറ്റണം, ” ദളിതന്‍ ” എന്ന് ഉപയോഗിക്കരുത്. പാകിസ്ഥാനെ” കുറിച്ച് മിണ്ടരുത് “കവിതയിലെ ” സോഷ്യലിസ്റ്റ്” പ്രയോഗം വെട്ടിമാറ്റണം, ദൈവങ്ങളെ” കുറിച്ച് പറയരുത്
രക്തസാക്ഷികളെ” ഓര്‍ക്കരുത്, പശുകൊലപാതകങ്ങള്‍ക്കെതിരെയുള്ള ലേഖനം പാടെ ഒഴിവാക്കണം, ഫാസിസ്റ്റ് വിരുദ്ധ ചോദ്യങ്ങളുള്ളതിനാല്‍ അഭിമുഖം ഉള്‍പെടുത്തരുത് തുടങ്ങിയ ആവശ്യങ്ങളാണ് കോളേജ് അധികൃതര്‍ മുന്നോട്ടുവെച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

തങ്ങള്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അവരുടെ ” ഔദാര്യത്തില്‍ ” ചിലതൊക്കെ ഒഴിവാക്കി തന്നെന്നും പശുവിന്റെ ആള്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അതോണ്ട് ഇതൊക്കെ വച്ച് മാഗസിനിറക്കിയാല്‍ കലാപമുണ്ടാവും എന്നൊക്കെയാണ് ഇപ്പോള്‍ അവര്‍ പറയുന്നത്.

പരിസര പ്രദേശത്തുളള സെല്‍ഫ് ഫിനാന്‍സിംഗ് കോളേജുകളിലെ രാഷ്ട്രീയ മൂല്യമില്ലാത്ത മാഗസിനുകളെ മാതൃകയാക്കാനാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അഞ്ച് പ്രണയ കവിതയും മൂന്ന് പൈങ്കിളി കഥയും വെച്ച് “കളിക്കുടുക്ക” ഇറക്കാനല്ല കഴിഞ്ഞ അഞ്ചര മാസം തങ്ങള്‍ ഇതിന്റെ പിറകെ ഓടി നടന്നതെന്നും ആവിഷ്‌കാര സ്വാതന്ത്രത്തിന് മേല്‍ കൈകടത്തുന്ന നടപടിക്കതിരെ ശക്തമായ പ്രതിരോധങ്ങളുമായി നാദാപുരം ഗവ കോളേജിലെ വിദ്ദ്യാര്‍ത്ഥികള്‍ വരാന്തയിലേക്കിറങ്ങുകയാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.


Dont Miss ‘എം.പിയായ ഞാനെന്തിന് ടോളടയ്ക്കണം’; താന്‍ ടോള്‍ ഫ്രീ എംപിയാണെന്ന് ബി.ജെ.പി എം.പി മഹേന്ദ്രനാഥ് പാണ്ഡെ


അത് എഴുതരുത് ഇത് എഴുതരുത് എന്ന് പറയുന്ന സംഘപരിവാര്‍ ഫാഷിസ്റ്റ് ആശയം തങ്ങളുടെ മാഗസിനിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുമെന്നും നട്ടെല്ലുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ തൂലികയ്ക്ക് അതിന് ഇഷ്ടമുള്ളിടത്തേക്ക് ചലിക്കുവാനുള്ള സ്വാതന്ത്ര്യം അനിവാര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഉള്ളതെല്ലാം വെട്ടിമാറ്റാനല്ല മറിച്ച് തങ്ങളുടെ രചനകള്‍ ലോകമറിയാനാണ് ഉറക്കമൊഴിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more