സിനിമ വിമര്‍ശനം / ശ്രീജിത്ത് പൊയില്‍കാവ്
ഒരു ചലച്ചിത്രം നാടകക്കാരന്റെ ജീവിതം ചര്‍ച്ച ചെയ്യുമ്പോള്‍ ഈ രണ്ടു മാധ്യമങ്ങളും ഒരു സ്വരചേര്‍ച്ചയില്‍ എത്തേണ്ടതുണ്ട്. ഈ സ്വരചേര്‍ച്ച “നടനു” നഷ്ടപ്പെട്ടു എന്നത് തന്നെയാണ് ഇവിടെ ഒരു ചര്‍ച്ച അനിവാര്യമയി വരുന്നത്.
സിനിമയില്‍ മലയാള നാടക വേദിയുടെ ചരിത്രം ഓച്ചിറ പരബ്രഹ്മോദയ നാടക സംഘത്തില്‍ നിന്നും തുടങ്ങി നായകന്റെ മകള്‍ സംവിധാനം ചെയ്യുന്ന ഒരു ജ്വാലാമുഖി എന്ന നാടകത്തില്‍ അവസാനിക്കുന്നു. കെ.പി.എ.സി യുടെ ചരിത്രം ഉള്‍പ്പെടെ നിരോധിക്കപ്പെട്ട നാടകത്തെ പറ്റി വരെ സിനിമ പറയുന്നു. എങ്കിലും മലയാള നാടക വേദിയുടെ യഥാര്‍ഥ ചരിത്രത്തിന്റെ നാലയലത്ത് പോലും ഈ ചരിത്രം പറച്ചില്‍ എത്തുന്നില്ലെന്നതാണ് വാസ്തവം.
തിരക്കഥാകൃത്തിന് മലയാളത്തിലെ പ്രഫഷണല്‍ നാടകവേദി എന്താണെന്നോ, അമേച്വര്‍ നാടകവേദി എന്താന്നോ തുപ്പെട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ഒരു അന്തോം കുന്തോം കിട്ടിട്ടില്ല”. ഈ അന്തോം കുന്തോം ഇല്ലായ്മ ചലച്ചിത്രത്തില്‍ ആകെ മുഴച്ചു നില്‍ക്കുന്നു.
ചരിത്രം എഴുതുന്നവന്‍ സവര്‍ണന്‍ ആയത് കൊണ്ട് ഈ കാലഘട്ടത്തില്‍ രചിക്കപെട്ട അയമുവിന്റെ നാടകം, കറുപ്പന്റെ ജാതികുമ്മി തുടങ്ങിയ നാടകങ്ങള്‍ ആരും ചര്‍ച്ച ചെയ്യാതെ പോയി.
ദേശീയ നാടകോത്സവത്തില്‍ നാടകം കാണാന്‍ പോയ നായകന്‍ കള്ളുകുടിച്ചു നാടകവേദി എങ്ങനെ വേണം എന്നൊരു മുറവിളി കൂട്ടുന്നുണ്ട്. അത് മനുഷ്യനുമായി ബന്ധം വേണമെന്നും, ജമ്പോ സര്‍ക്കസല്ല നാടകം എന്നൊക്കെ ആയിരുന്നു ആ മുറവിളിയുടെ ചുരുക്ക വിവരണം. എന്നാല്‍ നാല്‍പതുകളില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി കളിച്ച അതെ രീതിയില്‍ നാടകം കളിക്കലാണോ മനുഷ്യനുമായി അടുത്ത് നില്‍ക്കുന്ന നാടകം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ ചലച്ചിത്രം വ്യക്തമായി കണ്ടാല്‍ നമുക്ക് ഒരു കാര്യം മനസിലാകും. ഇരുപതുകളില്‍ അവതരിപ്പിച്ച “കരുണ” എന്ന നാടകം മുതല്‍ ഇന്ന് നായകന്റെ മകള്‍ സംവിധാനം ചെയ്ത ജ്വാലാമുഖി എന്ന നാടകം വരെ അതിന്റെ ഘടനയില്‍ യാതൊരു മാറ്റവും വരാതെ നിലനില്‍ക്കുന്ന ഒന്നാണ് ഈ സിനിമക്കാര്‍ക്ക്് നാടകം.
എന്നാല്‍ ഇന്ന് മലയാള പ്രൊഫഷണല്‍ നാടകസംഘമായ കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന “മാക്ബത്ത്” അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ചിട്ടപെടുത്തി ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങി ഈ കാലഘട്ടത്തില്‍ അവതരിപ്പിക്കപെടുന്നുണ്ട്. മലയാള നാടകവേദി അവതരിപ്പിക്കുന്ന പ്രൊഫഷനല്‍ നാടകം ആയതു കൊണ്ട് മാത്രമാണിത്.
കമലും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഇപ്പോള്‍ കേരളത്തില്‍ കളിക്കുന്ന ഏതെങ്കിലും പ്രൊഫഷനല്‍ നാടകം കണ്ടിട്ടുണ്ടോ?. ഇവര്‍ ആരെങ്കിലും ശ്രീ ഭരത് മുരളി തുടങ്ങിവെച്ച അന്താരാഷ്ട്ര നാടകോത്സവത്തിലെ ഒരു നാടകം എങ്കിലും കണ്ടിട്ടുണ്ടോ?.
അടുത്തപേജില്‍ തുടരുന്നു
ജി.ശങ്കരപ്പിള്ള രചിച്ച ഭരതവാക്യവും കെ.ടി മുഹമ്മദ് രചിച്ച സൃഷ്ടിയും നടന്റെ, നാടക്കാരന്റെ ജീവിതമാണ് ചര്‍ച്ച ചെയ്യുന്നത്. തിരക്കഥാകൃത്തിന്റെ ഭാഷയിലെ ജമ്പോ സര്‍ക്കസ്സായ അമേച്ചര്‍ നാടകമാണ് ഒന്ന്. രണ്ടാമതെത് പ്രൊഫഷണല്‍ നാടകവും.
ഈ നാടകങ്ങള്‍ എങ്കിലും തിരകഥാകൃത്ത് വായിച്ചിരുന്നുവെങ്കില്‍ ഇത്തരം മണ്ടത്തരങ്ങള്‍ സിനിമയല്‍ സംഭവിക്കില്ലായിരുന്നു. ഈ ചലച്ചിത്രത്തെ വിശകലം ചെയ്യന്നതിനു മുന്‍പ് മലയാള നാടകവേദിയുടെ ഒരു ലഘു ചരിത്രം മനസിലാക്കുന്നത് നന്നായിരിക്കും.
അച്യുതമേനോന്റെ സംഗീതനൗഷകം ആണ് ആദ്യ നാടകമായി കണക്കപ്പെടുന്നത്. പിന്നീടു സംഗീത നാടകങ്ങളുടെ ചുവടുപിടിച്ചു വന്ന പാട്ടുനാടകങ്ങള്‍ കേവല ആസ്വാദനം മാത്രം ലക്ഷ്യം വെച്ചായിരുന്നു. ഇരുപതുകളില്‍ ഉണ്ടായ സാമുഹ്യ നവോത്ഥാന നാടകങ്ങള്‍ എന്ന് കൊട്ടിഘോഷിക്കപെടുന്ന നമ്പൂരി നാടകങ്ങളായ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, ഋതുമതി, മറക്കുടക്കുള്ളിലെ മഹാനരകം തുടങ്ങിയ നാടകങ്ങള്‍.
ഇതിനൊപ്പം മലബാറില്‍ അയമുവിന്റെ “ഇജ്ജ് നല്ലമാനുസനാവാന്‍ നോക്ക്” തുടങ്ങിയ നാടകങ്ങളും ഉണ്ടായി. ചരിത്രം എഴുതുന്നവന്‍ സവര്‍ണന്‍ ആയത് കൊണ്ട് ഈ കാലഘട്ടത്തില്‍ രചിക്കപെട്ട അയമുവിന്റെ നാടകം, കറുപ്പന്റെ ജാതികുമ്മി തുടങ്ങിയ നാടകങ്ങള്‍ ആരും ചര്‍ച്ച ചെയ്യാതെ പോയി.
പിന്നീടു പാട്ടബാക്കി എന്ന മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം പിറവി കൊണ്ടു. തുടര്‍ന്ന് ഇപ്റ്റയുടെ ചുവടു പിടിച്ചു ഉണ്ടായ കെ.പി.എ.സി എന്റെ മകനാണ് ശരി എന്ന നാടകത്തിനു ശേഷം മലയാളത്തിലെ ആദ്യ ഹിറ്റ് രാഷ്ട്രിയ നാടകവുമായി കേരളക്കരയുടെ രാഷ്ട്രിയ ബോധത്തെ തന്നെ മാറ്റി മറിച്ചു- നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി. പിന്നീട് രാഷ്ട്രീയ നാടകങ്ങളുടെ കുത്തൊഴുക്കായിരുന്നു.
പാര്‍ട്ടി നേതൃത്വത്തില്‍ തുടങ്ങിയ ഒരു നാടകസംഘവും ആരുടേയും തറവാട്ട് സ്വത്താക്കാന്‍ പാര്‍ട്ടി സമ്മതിക്കില്ല എന്ന സത്യം പാര്‍ട്ടി നാടകസംഘങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും.
അറുപത്തിനാലില്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ കെ.പി.എ.സി. സി.പി.ഐയുടെ കയ്യിലകപ്പെട്ടു. സി.പി.ഐ.എം നാടകപ്രവര്‍ത്തകര്‍ ചേര്‍ന്ന് സര്‍ഗവേദി എന്നൊരു നാടകസംഘം തുടങ്ങുന്നതോട് കൂടിയാണ് “നടന്‍” എന്ന ചിത്രത്തില്‍ മലയാള നാടക ചരിത്രം തുടങ്ങുന്നത്.
ഈ ചരിത്രം നായകന്റെ തലമുറകളുടെ ചരിത്രം കൂടിയാണ്. നായകന്റെ അച്ഛനും, മുത്തച്ഛനും നാടകക്കാരയത് കൊണ്ട് ദേവദാസ് എന്ന നായകനും അതാവുന്നു. ഇയാള്‍ അച്ഛന്റെ മരണശേഷം നാടകസംഘം നടത്തികൊണ്ടു പോകുന്നു. നിരവധി നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുന്നു.
ഒടുവില്‍ അയാള്‍ ചില വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം നാടകഎഴുത്ത് നിര്‍ത്തുകയും സര്‍ഗവേദി പഴയ നാടകങ്ങള്‍ മാത്രം അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതു ഈ നാടകസംഘത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇതു ചലച്ചിത്രത്തില്‍ വലിയൊരു ട്രാജഡി ആയാണ് അവതരിപ്പിക്കുന്നത്.
ആളൊഴിഞ്ഞ ഉത്സവപറമ്പില്‍ സര്‍ഗവേദി നാടകം അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകരുടെ കണ്ണ് നിറയുന്നു എന്ന് പലരും പറയുമ്പോള്‍ ചിരി മാത്രമാണ് വരിക. കാരണം പഴയ നാടകങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന ഒരു സംഘത്തിന്റെ നാടകം കാണാന്‍ ആരും ഉണ്ടാവില്ല എന്ന് നാടകക്കാര്‍ക്കെങ്കിലും മനസിലാകും.
അടുത്തപേജില്‍ തുടരുന്നു
പാര്‍ട്ടി നേതൃത്വത്തില്‍ തുടങ്ങിയ ഒരു നാടകസംഘവും ആരുടേയും തറവാട്ട് സ്വത്താക്കാന്‍ പാര്‍ട്ടി സമ്മതിക്കില്ല എന്ന സത്യം പാര്‍ട്ടി നാടകസംഘങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. (കെ.പി.എ.സി ഇപ്പോള്‍ പലരുടെയും തറവാട്ട് സ്വത്തു പോലെയാണെങ്കിലും).എന്നിട്ടും നായകനെ സഹായിക്കാന്‍ ആരും എത്തിയില്ല എന്നത് വലിയ തമാശ തന്നെയാണ്.
അയുക്തികമായ വികല ഭാവന സൃഷ്ടിയായ നടനില്‍”” നായകന്‍ നാടക നടിയായ പെണ്‍കുട്ടിയെ (രമ്യ നമ്പീശന്‍) ബലാത്സഗം ചെയ്യുന്നു. പക്ഷെ ആ നടി ജീവിത പ്രശ്‌നങ്ങള്‍ കാരണം നായകനെതിരെ ഒന്നും മിണ്ടുന്നില്ല. ഇതില്‍ എല്ലാ നാടകനടിമാരും പ്രതികരിക്കാത്ത നിഷ്‌ക്രിയ പരബ്രഹ്മങ്ങളാണെന്ന് ചലച്ചിത്രം പറഞ്ഞു വെയ്ക്കുന്നു.
നാടകക്കാരന്റെ കുടുംബ പ്രശ്‌നങ്ങള്‍ ആണ് നാടകവേദിയെ ഈ അവസ്ഥയില്‍ എത്തിക്കുന്നത് എന്ന് ചലച്ചിത്രം പറയാതെ പറയുന്നു. ഇതിനൊപ്പം സ്ത്രി വിരുദ്ധതയുടെ വിത്തുകളും ചലച്ചിത്രം വളര്‍ത്തുന്നു. നടന്‍”” കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകര്‍ നാടകക്കാരെ കാണുമ്പോള്‍ ഓ ഇതാ പോകുന്നു ബലാത്സംഗ വീരന്മാര്‍ എന്ന് പറയാനും തുടങ്ങുന്നു.
കഴിഞ്ഞ ദിവസം രാത്രി നാടകം കഴിഞ്ഞു വരുമ്പോള്‍ രാമേട്ടന്‍ എന്നോട് പറഞ്ഞു. “നടന്‍ കണ്ടുട്ടോ,ഹും…നാടകം എന്നൊക്കെ പറഞ്ഞു ഇതല്ലേ പരിപാടി”. ഒരു നിമിഷം ഞാന്‍ പതറി. പിന്നീടു നടന്‍ കണ്ടതിനു ശേഷമാണ് കാര്യം മനസിലാകുന്നത്…..!!!
കമല്‍ സര്‍, ചിലപ്പോള്‍ നിങ്ങളെ പോലെ ശീതികരിച്ച മുറികളില്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ കഴിയില്ലായിരിക്കാം. വിലകൂടിയ കാറുകള്‍ ഇല്ലായിരിക്കാം. പക്ഷെ ഞങ്ങള്‍ ജീവിക്കുന്നത് വളരെ സന്തോഷത്തോടെ ആണ്.
നാടക വണ്ടിയുടെ കുലുക്കത്തില്‍ ചിലപ്പോള്‍ ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല എന്ന് വരാം. പക്ഷെ അടുത്ത ദിവസം നിറഞ്ഞ സദസില്‍ നാടകം കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഈ വേദനകളൊന്നും ഒരു പ്രശ്‌നമേ അല്ല. ഇപ്പോഴും നാടകക്കാരുടെ വണ്ടി കാത്തിരിക്കുന്ന ഉത്സവപറമ്പുകള്‍ ഞാന്‍ നിങ്ങള്‍ക്ക് കൊടുങ്ങല്ലൂരില്‍ തന്നെ കാണിച്ചു തരാം.
പണ്ട് താങ്കളുടെ “നിറം” എന്ന ചിത്രത്തില്‍ സൗത്ത് സോണ്‍ നാടക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു ക്യാമ്പസ് നാടകവേദിയിലെ സംവിധായകനെ കാണിക്കുന്നുണ്ട്. ആയാള്‍ വെറുതെ ഒരു കോമാളി ആയി ആ കാമ്പസില്‍ വന്നു പോകുന്നതും നിങ്ങള്‍ കാണിക്കുന്നുണ്ട്.
[]സൈനുദീന്‍ അവതരപ്പിക്കുന്ന നാടക സംവിധായകനെ കോമാളി ആക്കിയ താങ്കള്‍ എങ്ങിനെയാണ് സര്‍, പെട്ടെന്ന് നാടകക്കാരന്റെ ദുരിതങ്ങള്‍ ഏറ്റടുത്തത്?. (കേരളത്തിലെ ഏതു സര്‍വകാലശാലയെ പ്രതിനിധികരിച്ചു നാടകമത്സരത്തില്‍ പങ്കെടുത്ത് സൌത്ത് സോണ്‍ കാലാമേളക്ക് എത്തുക എന്നത് അത്യാവശ്യം കഠിനമായ കലാപ്രവര്‍ത്തി തന്നെയാണെന്ന് അന്ന് കമല്‍ സാറിനു അറിയില്ലായിരിക്കും)…എല്ലാം കച്ചോടം തന്നയല്ലേ സര്‍, വെറും ഗൃഹാതുരതയുടെ കച്ചവടം!!!!
ഈ കച്ചവടത്തില്‍ അങ്ങ് ഇല്ലാതാക്കിയത് കേരളത്തില്‍ സമാന്തരമായി ജീവിക്കുന്ന നാടക്കാരന്റെ ജീവിതം തന്നെയാണ് സര്‍, നാടകം ഒരു കല മാത്രമല്ല സര്‍,അതൊരു ജീവന രീതിയാണ്….ജീവിതം ആണ്.
താങ്കള്‍ പറഞ്ഞ ജീവിതം അല്ല. കല്ലും മുള്ളും നിറഞ്ഞ ജീവിതം. ഞങ്ങള്‍ അതില്‍ സംതൃപ്തരാണ്. ദയവു ചെയ്തു ഇത്തരം കപട സര്‍ക്കസുമായി വന്നു നാടകക്കാരെ ഉപദ്രവിക്കാതിരിക്കുക. ചെയ്ത ഉപകാരത്തിനു നന്ദി. വലിയ ഒരു നമസ്‌കാരം.