മാഡ്രിഡ്: മുന്‍ ലോക ഒന്നാം നമ്പര്‍താരം റാഫേണ്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ചേക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് മുക്തനാകുന്നതിനിടെ അണുബാധ കണ്ടെത്തിയതാണ് കാരണം.[]
ഏറെ നാളായി ചികിത്സയില്‍ കഴിയുന്ന താരം അടുത്ത മാസം ആരംഭിക്കുന്ന മത്സരത്തിലൂടെ ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ അണുബാധ സ്ഥിരീകരിച്ചതിനാല്‍ അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയിലാണ് നദാല്‍.
പരിക്കില്‍ നിന്നു ഏറെക്കുറെ വിമുക്തനായെങ്കിലും അണുബാധമൂലം കഴിഞ്ഞ ഒരാഴ്ച പരിശീലനത്തിനിറങ്ങാന്‍ നദാലിനു കഴിഞ്ഞിട്ടില്ല. ഖത്തര്‍ ഓപ്പണിലും നദാലിനു കളിക്കാന്‍ കഴിയില്ല.
മത്സരത്തിനായി നദാല്‍ പൂര്‍ണമായും തയ്യാറെടുത്തുകഴിഞ്ഞെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലേയാണ് നദാലിന്റെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞിരുന്നത്.
കഴിഞ്ഞ ജൂണില്‍ വിംബിള്‍ഡണിലാണ് നദാല്‍ അവസാനമായി റാക്കറ്റേന്തിയത്. അന്ന് രണ്ടാം റൗണ്ടിലാണ് ലോക നൂറാം റാങ്കുകാരനായ ലുകാസ് റോസലിനോട് നാലാം റാങ്കുകാരനായ നദാല്‍ പരാജയപ്പെട്ടിരുന്നു. കാല്‍മുട്ടിനേറ്റ പരിക്ക് മൂലം കഴിഞ്ഞ ആറ് മാസമായി നദാല്‍ വിശ്രമത്തിലാണ്.