മാഡ്രിഡ്: ടെന്നിസ് സിംഗിള്‍സ് ജേതാവായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഒളിമ്പിക്‌സിനില്ലെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി. പരിക്കിനെത്തുടര്‍ന്നാണു നദാലിന്റെ പിന്മാറ്റമെന്നാണ് അറിയുന്നത്. എന്നാല്‍ എന്താണ് പരിക്കെന്ന് നദാല്‍ വ്യക്തമാക്കിയിട്ടില്ല. []
മത്സരത്തിന് ശാരീരകമായി തയ്യാറല്ലെന്ന് കാണിച്ച് നദാല്‍ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ശാരീരികമായ ചിലപ്രശ്‌നങ്ങള്‍ തനിയ്ക്കുണ്ടെന്നും പരിക്കിന്റെ പിടിയിലായതിനാല്‍ കളിക്കളത്തില്‍ ഇറങ്ങാന്‍ കഴിയില്ലെന്നും നദാല്‍ പറഞ്ഞു.
ബെയ്ജിങ് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നദാലിനെയാണ് ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്സില്‍ പതാകയേന്താന്‍ സ്‌പെയിന്‍ നിയോഗിച്ചിരുന്നത്. എന്നാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയതോടെ നദാലിന്റെ ഈ അവസരം നഷ്ടമായി.
“”വളരെ വിഷമത്തോടെയാണ് ഞാന്‍ ഒളിമ്പിക്‌സില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. ഒളിമ്പിക്‌സില്‍ സ്‌പെയിനിന്റെ പതാക വഹിക്കുക എന്നത് എന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു. അതാണ് ഇപ്പോള്‍ ഉപേക്ഷിക്കേണ്ടി വന്നത്”” – നദാല്‍ പറഞ്ഞു.
മാഡ്രിഡില്‍ ഈ മാസം നാലിനു നടക്കേണ്ടിയിരുന്ന ഒരു മത്സരത്തില്‍ നിന്നും നദാല്‍ പിന്‍മാറിയിരുന്നു. കാല്‍മുട്ടിലെ പരുക്കിനെത്തുടര്‍ന്നാണു പിന്‍മാറ്റമെന്നാണു സൂചന. വിമ്പിള്‍ഡനില്‍ 100-ാം റാങ്കുകാരന്‍ ലൂക്കാസ് റോസോലിനെതിരെ രണ്ടാം റൗണ്ടില്‍ പുറത്തായശേഷം നദാല്‍ മത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല.