[]റാഞ്ചി: രാജ്യത്തെ ഏറ്റവും വലിയ സ്‌കൂള്‍ കായികമേളയില്‍ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ എത്തിയില്ല. റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേള രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോഴും ഉത്തേജക വിരുദ്ധ ഏജന്‍സി മേളയിലേക്ക് കടന്നു നോക്കിയിട്ടില്ല.
രണ്ടായിരത്തി അഞ്ഞൂറോളം താരങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ നാഡയെത്താത്തത് പ്രധിഷേധങ്ങള്‍ക്കിടയാക്കി. ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ അഭാവം താരങ്ങള്‍ക്കിടയില്‍ ഉത്തേജക മരുന്നുപയോഗം വ്യാപകമാകാന്‍ ഇടയാക്കിയതായി പരിശീലകര്‍ തന്നെ പറയുന്നു.
കഴിഞ്ഞ വര്‍ഷം കായികമേള ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് നാഡ എത്തിയത്. അതിനാല്‍ ഇത്തവണ മേളയെക്കുറിച്ച് ഏജന്‍സിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതായി സംഘാടകര്‍ പറഞ്ഞു.
മേള അവസാനിക്കുന്നതിന് മുമ്പായെങ്കിലും നാഡ എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. കഴിഞ്ഞ കേരള സ്‌കൂള്‍ മീറ്റില്‍ അസൗകര്യങ്ങളുടെ കാരണം പറഞ്ഞ് നാഡ എത്തിയിരുന്നില്ല.