മലപ്പുറം: നബിദിന റാലിയിലെ കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിച്ചത് വലിയ സംഭവമായിട്ടൊന്നും തോന്നിയില്ലെന്ന് വൈറല്‍ വീഡിയോയിലൂടെ ശ്രദ്ധേയയായ ഷീന. മലപ്പുറം കോഡൂര്‍ വലിയാട് തദ്‌രീസുല്‍ ഇസ്‌ലാം മദ്രസയുടെ നബിദിന റാലിക്കിടെ കുട്ടിക്ക് നോട്ടുമാല നല്‍കിയതും ഉമ്മവെച്ചതുമായ വീഡിയോ സാമൂഹ്യ മധ്യമങ്ങളില്‍ ശ്രദ്ധനേടുന്നതിനിടെയാണ് ഷീനയുടെ പ്രതികരണം.
ഒന്നും ആലോചിച്ച് ചെയ്തതല്ലെന്നും ഒന്നിച്ചു കഴിയുന്നവരാണ് തങ്ങളെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ അവര്‍ പറഞ്ഞു.
‘ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഇവിടെ ജീവിക്കുന്നത്, ഒന്നിച്ചു കഴിയുന്നവരാണ്.. നബി ദിനത്തിന് നോട്ടുമാല ഇടണമെന്ന് ഒരാഗ്രഹമുണ്ടായിരുന്നു, ഈശ്വരാ.. അങ്ങനെ ആലോചിച്ചു ചെയ്ത കാര്യമൊന്നുമല്ല, രാവിലെ അങ്ങനെ തോന്നി.
കയ്യില്‍ പൈസയുണ്ടായിരുന്നു. അത് മാറ്റി നോട്ടുമാലയാക്കി.. ഇതൊരു വലിയ വാര്‍ത്തയായി എന്ന് കമ്പനിയിലെ ആളുകള്‍ പറഞ്ഞു.. എനിക്കിതൊരു വലിയ സംഭവമായിട്ടൊന്നും തോന്നിയില്ല. സാധാരണ സംഭവം,’ ഷീന പറഞ്ഞു.
നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നിന്ന ഷീന കുട്ടികള്‍ക്ക് നോട്ട് മാല ചാര്‍ത്തിയിരുന്നു. തന്റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാര്‍ത്തി കവിളില്‍ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയിരുന്നത്.
Content Highlight: Nabi dinam Viral video star Sheena’s respond