യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍- അമേരിക്കന്‍ മുസ്‌ലിം വനിത; ചരിത്രമെഴുതി നബീല സയ്യിദ്
World News
യു.എസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യന്‍- അമേരിക്കന്‍ മുസ്‌ലിം വനിത; ചരിത്രമെഴുതി നബീല സയ്യിദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 2:36 pm

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ ചരിത്രം കുറിച്ച് 23കാരിയായ ഇന്ത്യന്‍- അമേരിക്കന്‍ മുസ്‌ലിം വനിത നബീല സയ്യിദ്.

യു.എസിലെ ഇല്ലിനോയിസ് (Illinois) സ്റ്റേറ്റ് ജനറല്‍ അസംബ്ലിയിലേക്ക് (District 51) തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായാണ് നബീല സയ്യിദ് ചരിത്രമെഴുതിയിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് നബീല വിജയിച്ചത്.

ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായി ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം ട്വീറ്റിലൂടെയും നബീല സയ്യിദ് പങ്കുവെച്ചിട്ടുണ്ട്.

”എന്റെ പേര് നബീല സയ്യിദ്. ഞാന്‍ 23 വയസുള്ള ഒരു ഇന്ത്യന്‍ – അമേരിക്കന്‍ മുസ്‌ലിം വനിതയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലായിരുന്ന ഒരു സബര്‍ബന്‍ ജില്ല ഞങ്ങള്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുകയാണ്.

ഈ വരുന്ന ജനുവരിയില്‍, ഇല്ലിനോയിസ് (Illinois) ജനറല്‍ അസംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരിക്കും ഞാന്‍,” നബീല സയ്യിദ് ട്വീറ്റ് ചെയ്തു.

നബീല സയ്യിദ് മത്സരിച്ച, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള ഇല്ലിനോയിസ് 51 ഡിസ്ട്രിക്റ്റില്‍ ശക്തമായ മത്സരം തന്നെയായിരുന്നു നടന്നത്.

ഇല്ലിനോയിസില്‍ ജനിച്ചുവളര്‍ന്ന നബീല സയ്യിദ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. ഡിജിറ്റല്‍ സ്ട്രാറ്റജി മേഖലയിലെ തൊഴില്‍ പരിചയവും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ച അനുഭവവുമായാണ് ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്.

ഗണ്‍ വയലന്‍സ് തടയുക, അഭിപ്രായങ്ങളും തെരഞ്ഞെടുപ്പുകളും സംരക്ഷിക്കുക എന്നിവയാണ് തന്റെ പ്രഖ്യാപിത നിലപാടുകളായി നബീല സയ്യിദ് ഉയര്‍ത്തിക്കാണിക്കുന്നത്.

അതേസമയം, യു.എസില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും പ്രസിഡന്റ് ജോ ബൈഡനും തിരിച്ചടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലവില്‍ മുന്നേറുകയാണ്. 435 അംഗ ജനപ്രതിനിധി സഭയിലെ (House of Representatives) ഒടുവിലത്തെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

199 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും 168 സീറ്റുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. 218 സീറ്റുകള്‍ ലഭിച്ചാലാണ് സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനാകുക.

ഡെമോക്രാറ്റുകളുടെ കൈവശമുണ്ടായിരുന്ന ആറ് സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു.

ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പ്രസിഡന്റ് ജോ ബൈഡന് ഇനിയുള്ള ഭരണകാലം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകള്‍.

വോട്ടെണ്ണല്‍ നിലവില്‍ അവസാന ഘട്ടത്തിലാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും എന്ന് തന്നെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സര്‍വേകള്‍ നല്‍കിയിരുന്ന സൂചന.

ജനപ്രതിനിധി സഭയില്‍ അധികാരമാറ്റമുണ്ടാകും എന്ന് തന്നെയാണ് നിലവിലെ ട്രെന്‍ഡ് നല്‍കുന്ന സൂചനയും.

സെനറ്റില്‍ (Senate) ഇപ്പോഴും തുല്യ നിലയില്‍ തന്നെയാണ് ഇരു പാര്‍ട്ടികളും മുന്നേറുന്നത്. ഭൂരിപക്ഷത്തിന് 51 സീറ്റുകള്‍ വേണ്ട സെനറ്റില്‍ 47 റിപ്പബ്ലിക്കന്‍, 46 ഡെമോക്രാറ്റുകള്‍ എന്ന രീതിയിലാണ് സീറ്റുനില.

36 സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടന്നത്.

Content Highlight: Nabeela Syed becomes the youngest member of Illinois General Assembly in US Mid term elections