Advertisement
Film News
ലോകത്തിന്റെ നെറുകയില്‍ ആര്‍.ആര്‍.ആര്‍; മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി നാട്ടു നാട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 11, 02:03 am
Wednesday, 11th January 2023, 7:33 am

എസ്.എസ്. രാജമൗലിയുടെ സംവിധാനത്തിലൊരുങ്ങിയ ആര്‍.ആര്‍.ആറിലെ ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ നാട്ടു നാട്ടു എന്ന പാട്ടിനാണ് 80താമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിക്കുന്നത്. എം.എം. കീരവാണി സംഗിതം പകര്‍ന്ന ഗാനം പാടിയത് കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് എന്നിവരാണ്.

രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ തകര്‍ത്താടിയ നാട്ടു നാട്ടു എന്ന ഗാനം ടെയ്‌ലര്‍ സ്വിഫ്റ്റ്, ഗില്ലെര്‍മോ മെഡല്‍ ടോറോ, ലേഡി ഗാഗ എന്നീ ലോകപ്രശസ്ത ഗായകരുടെ ഗാനങ്ങളെ പിന്തള്ളിയാണ് ഗോള്‍ഡല്‍ ഗ്ലോബ് സ്വന്തമാക്കിയത്.

മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനായുള്ള മത്സരത്തിനും ആര്‍.ആര്‍.ആറുണ്ട്. ഇതിന്റെ ഫലം അല്‍പ സമയത്തിനകം അറിയാം. നോണ്‍-ഇംഗ്ലീഷ് ഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് (ജര്‍മനി), അര്‍ജന്റീന 1985 (അര്‍ജന്റീന), ക്ലോസ് (ബെല്‍ജിയം), ഡിസിഷന്‍ ടു ലീവ് (ദക്ഷിണ കൊറിയ) എന്നിവയാണ് ആര്‍.ആര്‍.ആറിനൊപ്പമുള്ളത്.

ഇന്ത്യയില്‍ നിന്നുള്ള മറ്റ് എന്‍ട്രികളുടെ കൂട്ടത്തില്‍ അവസാന അഞ്ചില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയാണ് ആര്‍.ആര്‍.ആര്‍. 2022 ല്‍ ഏപ്രിലിലാണ് ആര്‍.ആര്‍.ആര്‍ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ 2000 കോടിയോളം ചിത്രം നേടിയെന്നാണ് കണക്ക്.

അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി, ശ്രിയ ശരണ്‍ തുടങ്ങിയ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തിയത്. രാജമൗലിയുടെ അച്ഛന്‍ കെ. വി. വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഡി.വി.വി. എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡി.വി.വി. ദാനയ്യയാണ് ചിത്രം നിര്‍മിച്ചത്. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

 

Content Highlight: Naatu Naatu song from rrr won the Golden Globe Award for Best Song