| Wednesday, 14th August 2019, 11:09 pm

'വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്ക് സ്ഥലം വിട്ടുനല്‍കാം'; നന്മനിറഞ്ഞ കാഴ്ചകള്‍ അവസാനിക്കുന്നില്ല; നാസര്‍ മാനുവിന്റെ വീഡിയോ ചര്‍ച്ചയാകുന്നു- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായങ്ങളെത്തുന്നതു തുടരുകയാണ്. കച്ചവടത്തിനു വെച്ചിരുന്ന തുണിത്തരങ്ങള്‍ ദുരിതബാധിതര്‍ക്കായി നല്‍കിയ നൗഷാദും കൈയ്യിലുള്ള അവസാന ചില്ലറത്തുട്ടുകള്‍ പോലും ദുരിതബാധിതര്‍ക്കു നല്‍കിയ ആ കുഞ്ഞനുജനും ചേച്ചിയും തുടങ്ങി ആ കാഴ്ചകള്‍ നീളുകയാണ്.

ഇപ്പോഴിതാ വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്കു സ്ഥലം വിട്ടുനല്‍കാമെന്നു പറഞ്ഞ് നാസര്‍ മാനു എന്നയാള്‍ മുന്നോട്ടുവന്നിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്കില്‍ ഇക്കാര്യം അറിയിച്ചുകൊണ്ടിട്ട വീഡിയോ ഇതുവരെ 19,000 പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

വിവിധയിടങ്ങളില്‍ നിന്നുള്ള അഭിനന്ദനവും അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്.

വീഡിയോയില്‍ പറയുന്നതിങ്ങനെ- ‘ഞാന്‍ നാസര്‍ മാനു. വയനാട്, നിലമ്പൂരിലെ അവസ്ഥ വളരെ ദയനീയമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചിലര്‍, അതുപോലെ വീട് നഷ്ടപ്പെട്ടവര്‍, അങ്ങനെ ഒരുപാടു പേര്‍ വലിയ ദുരിതത്തിലാണ്.

കുറ്റിപ്പുറത്ത് 10 കുടുംബത്തിനു വീട് വെയ്ക്കാനുള്ള സൗകര്യം ഞാന്‍ ചെയ്തുകൊടുക്കാം. ഏതു സംഘടന വരികയാണെങ്കിലും അവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കാം.

അതുപോലെ പാണ്ടിക്കാട് 10 കുടുംബത്തിനു വീട് വെയ്ക്കാന്‍ സ്ഥലം കൊടുക്കാം. വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവുമൊക്കെയുള്ള നല്ല സ്ഥലമാണ്.’

നേരത്തേ കൈയിലുള്ള അവസാന ചില്ലറത്തുട്ടും എടുത്ത് ‘മലബാറിന് ഒരു കൈത്താങ്ങി’ല്‍ നല്‍കാനെത്തിയ ചേച്ചിയും കുഞ്ഞനിയനുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരങ്ങളായത്.

അനിയന്‍ തന്റെ കൈയിലുണ്ടായിരുന്ന നോട്ടുകള്‍ മുഴുവന്‍ അവിടെയുണ്ടായിരുന്നവരെ ഏല്‍പ്പിക്കുന്നുണ്ട്. അടുത്തതായി ചേച്ചി കൈയിലുള്ള ബാഗ് തുറന്ന് അതിലുള്ള ചില്ലറത്തുട്ടുകള്‍ മേശപ്പുറത്തേക്കു പെറുക്കിയിടുകയാണ്.

അവസാന ചില്ലറത്തുട്ടും മേശപ്പുറത്തിട്ട ചേച്ചിയോട് അനിയന്‍ ചെവിയില്‍ പറയുന്ന ഒരു കാര്യം അവിടെനില്‍ക്കുന്നവരെ ചിരിയിലാഴ്ത്തുന്നുണ്ട്. എല്ലാ നിഷ്‌ക്കളങ്കതയോടും കൂടിയാണ് ആ കുട്ടി ഇങ്ങനെ പറയുന്നു- ‘എടീ ഫുള്ളും കൊടുക്കല്ലേടീ.’

എന്നിട്ട് തന്റെ കുഞ്ഞിക്കൈയില്‍ കൊള്ളാവുന്ന കുറച്ചു ചില്ലറത്തുട്ടുകളെടുത്ത് ബാഗിലേക്ക് ഇടുകയാണ് ആ കുട്ടി. ചേച്ചി എതിര്‍ത്തെങ്കിലും അവനത് ബാഗില്‍ത്തന്നെയിട്ടു.

‘ദുരിതബാധിതരെ സഹായിക്കാന്‍ ഒരു രൂപാ പോലും കൊടുക്കാത്തവരൊക്കെ കണ്ണ് തുറന്നുകാണുക. ‘പിള്ളേരാണ്.. ഓര്ടെ വല്ല്യ മനസ്സാണ്’ എന്ന അടിക്കുറിപ്പോടെ ഇഖ്ബാല്‍ ഹൈദര്‍ എന്നയാളാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.

We use cookies to give you the best possible experience. Learn more