| Saturday, 6th April 2019, 11:20 pm

ഭൂരിപക്ഷം ന്യൂനപക്ഷമായ ഇടത്തേക്ക് രാഹുല്‍ ഒളിച്ചോടിയെന്ന് മോദി; വയനാട് റാലിയില്‍ കോണ്‍ഗ്രസിന്റെ പതാക തെരഞ്ഞു നോക്കേണ്ടി വന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നന്ദേഡ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്കും കോണ്‍ഗ്രസിനുമെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി മോദി. ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലത്തേക്ക് രാഹുല്‍ ഒളിച്ചോടിയെന്ന് മോദി പറഞ്ഞു. രാഹുലിന്റെ വയനാട് റാലിയില്‍ സോഷ്യല്‍ മീഡിയില്‍ കണ്ടത് പോലെ കോണ്‍ഗ്രസിന്റെ കൊടികള്‍ കണ്ടു പിടിക്കേണ്ട അവസ്ഥയാണുണ്ടായതെന്നും മോദി പറഞ്ഞു.

മൈക്രോസ്‌കോപ്പ് ഉപയോഗിച്ചാണ് കോണ്‍ഗ്രസ് രാഹുലിന് സീറ്റ് കണ്ടെത്തി കൊടുത്തതെന്നും അമേത്തിയില്‍ തോല്‍ക്കുമെന്ന് രാഹുലിന് ബോധ്യമായെന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാരെയാണ് വേണ്ടത്. ഒന്ന് ദല്‍ഹിയിലും മറ്റൊന്ന് കശ്മീരിലും. അഫ്‌സ്പ പുനപരിശോധിക്കുന്നതിലൂടെ രാജ്യത്തെ ജവാന്മാരുടെ സുരക്ഷ കവചം എടുത്തു കളയുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മോദി ആരോപിച്ചു.

മഹാരാഷ്ട്രയിലെ നന്ദേഡില്‍ ബി.ജെ.പി റാലിയിലാണ് മോദിയുടെ വാക്കുകള്‍. ഏപ്രില്‍ ഒന്നിന് വര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ആദ്യം ഭൂരിപക്ഷ-ന്യൂനപക്ഷ പരാമര്‍ശം നടത്തിയിരുന്നത്.

ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവര്‍ പരക്കം പായുകയാണെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more