ഒറ്റപ്പാലം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് എന്‍.എ. ഷാനിബ്. തന്റെ സ്ഥാനാര്‍ത്ഥിത്വം മുന്‍ എം.എല്‍.എ ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയെന്നും ഷാനിബ് പറഞ്ഞു. കോൺഗ്രസ് വിട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഷാനിബിന്റെ പ്രഖ്യാപനം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എന്‍.എ. ഷാനിബ് രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോട് കെ.പി.സി.സി അധ്യക്ഷന്‍ എത്ര സമാധാനത്തോടെയാണ് പ്രതികരിച്ചതെന്നും എന്നാല്‍ പ്രതിപക്ഷ നേതാവ് പ്രകോപനപരമായാണ് സംസാരിച്ചതെന്നും ഷാനിബ് പറഞ്ഞു. പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകോപിപ്പിക്കുന്ന രാഷ്ട്രീയത്തിന് പിന്നിലെന്താണെന്ന് പരിശോധിക്കണമെന്നും ഷാനിബ് പറഞ്ഞു. ബി.ജെ.പിയെ ഏതെല്ലാം തരത്തില്‍ വിജയിപ്പിക്കാന്‍ കഴിയുമോ ഈ വഴികളിലൂടെയെല്ലാമാണ് വി.ഡി. സതീശന്‍ നടക്കുന്നതെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.
എ.ബി. ഗോപിനാഥ് പാര്‍ട്ടിയുടെ ചുമതലയിലിരിക്കുമ്പോള്‍ കോണ്‍ഗ്രസിന് വലിയ രീതിയില്‍ ജില്ലയില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം, മണ്ഡലത്തില്‍ ചെറുപ്പക്കാരെ മത്സരിപ്പിക്കാന്‍ തീരുമാനം ഉണ്ടാകുകയായിരുന്നു. ആ തീരുമാനം അംഗീകരിച്ചാണ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ക്ക് അവസരം ലഭിച്ചതെന്നും ഷാനിബ് പറഞ്ഞു.
ഗോപിനാഥിന്റെ തിരിച്ചുവരവിന് സാധ്യതയുണ്ടായിട്ടും എന്തുകൊണ്ടാണ് താന്‍ നിര്‍ദേശിച്ച വ്യക്തിയെ മത്സരിപ്പിക്കണമെന്ന് ഒരാളുവന്ന് പറയുമ്പോള്‍ അതിനോട് അടിയറവ് പറയുന്നതെന്നും ഷാനിബ് ചോദിച്ചു.
പാലക്കാട് ജില്ലയിലെ നേതാക്കളെ നേതൃത്വം തഴഞ്ഞുവെന്നും രാജിവെക്കുമ്പോള്‍ തന്നെ ഷാഫി പറമ്പില്‍ അടുത്ത നേതാവിനെ പ്രഖ്യാപിച്ചുവെന്നും ഷാനിബ് പറഞ്ഞു. കെ.പി.സി.സി ഓഫീസില്‍ ചര്‍ച്ചകളും അവലോകനങ്ങളും നടക്കുന്നില്ല. ഈ അവസരം മുതലാക്കിയാണ് വി.ഡി. സതീശനും ഷാഫി പറമ്പിലും പ്രവര്‍ത്തിക്കുന്നതെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു.
വി.ഡി. സതീശന്‍ പറയുന്നു, ഷാഫി ചെയ്യുന്നു എന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ഷാനിബ് പറയുകയുണ്ടായി. വി.ഡി. സതീശന്റെ ഫോണെടുത്ത് നോക്കിയാല്‍ സംസ്ഥാനത്തെ പ്രാദേശിക നേതാക്കളുടെ നമ്പറുകള്‍ അതിലുണ്ടാകില്ല. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അങ്ങനെയൊന്നും ആയിരുന്നില്ല. വി.ഡി. സതീശന്‍ എല്ലാം പറയുന്നത് മാധ്യമങ്ങളോടാണെന്നും ഷാനിബ് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രതിപക്ഷ നേതാവിന് ഒരു ബന്ധമുള്ളതായി തനിക്കറിയില്ല. ശശി തരൂരിനെ ഊതി വീര്‍പ്പിച്ച ബലൂണ്‍ എന്ന് പറയാന്‍ വി.ഡി. സതീശനെ പ്രേരിപ്പിച്ചത് എന്താണെന്നും ഷാനിബ് ചോദിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം എ.കെ. ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തുകൊണ്ട് കെ. കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ചില്ലെന്നും ഷാനിബ് ചോദിച്ചു.
Content Highlight: NA Shanib said that he will run as an independent candidate in the Palakkad by-election