| Monday, 28th January 2019, 10:29 am

ഹര്‍ത്താലിന്റെ മറവില്‍ ആര്‍.എസ്.എസ് ആക്രമിച്ച കരിം മുസ്‌ലിയാരുടെ ചികിത്സാ ചിലവ് സംഘപരിവാറില്‍ നിന്ന് ഈടാക്കുമോ? മുഖ്യമന്ത്രിയോട് എന്‍.എ നെല്ലിക്കുന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ കാസര്‍കോട് മഞ്ചേശ്വരത്ത് ആര്‍.എസ്.എസ് ആക്രമിച്ച ബയാര്‍ സ്വദേശി കരിം മുസ്‌ലിയാരുടെ ചികിത്സാ ചിലവ് സംഘപരിവാറില്‍ നിന്ന് ഇടാക്കുമോയെന്ന് മുഖ്യമന്ത്രിയോട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.

“മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണവുമായി മല്ലിട്ടുകൊണ്ടിരിക്കുന്ന പാവപ്പെട്ട മനുഷ്യനുണ്ട്, കരിം മുസ്‌ലിയാര്‍. അദ്ദേഹം ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ ക്രൂരമായ വെട്ടും കുത്തുമൊക്കെ ഏറ്റ് ഇപ്പോഴും മംഗലാപുരം ആശുപത്രിയില്‍ ബോധരഹിതനായി കഴിയുകയാണ്. മഞ്ചേശ്വരം കാസര്‍കോട് ഭാഗത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ചെയ്ത ക്രൂരത ഞാന്‍ പറയാതെ തന്നെ മുഖ്യമന്ത്രിക്ക് അറിയാമല്ലോ. അങ്ങേയ്‌ക്കെതിരെ ഒരു പെണ്‍കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് ഞങ്ങളൊക്കെ ശക്തമായി എതിര്‍ത്തിരുന്നു. ഈ മൗലവിയുടെ ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ ചിലവുണ്ട്. ഇത് അക്രമികളില്‍ നിന്ന് പിടിച്ചെടുത്ത് സര്‍ക്കാര്‍ കൊടുക്കുമോ അല്ലെങ്കില്‍ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമോ?” എന്നായിരുന്നു നെല്ലിക്കുന്നതിന്റെ ചോദ്യം.

കരിം മുസ്‌ലിയാരുമായി ബന്ധപ്പെട്ട സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ ഉറപ്പു നല്‍കി.

Also read:ഞാന്‍ ഇവിടെ അലഞ്ഞുതിരിഞ്ഞു നടന്നപ്പോഴല്ല റാം എന്നെ ഈ പടത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്; എന്നെ മമ്മൂട്ടിയാക്കിയത് നിങ്ങളും എന്റെ സംവിധായകരുമാണ്; വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍

കാസര്‍കോട് മഞ്ചേശ്വരം മേഖലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ട്. പൊലീസ് അതീവ ജാഗ്രതയോടെയാണ് ഇതിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ലിയാര്‍ ബൈക്കില്‍ സഞ്ചരിക്കവേ അദ്ദേഹത്തെ ആര്‍.എസ്.എസുകാര്‍ അടിച്ച് താഴെയിടുകയിരുന്നു. തുടര്‍ന്ന് ഇരുമ്പു ദണ്ടുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ബോധരഹിതനായതോടെയാണ് അക്രമിസംഘം പിന്‍വാങ്ങിയത്. ഏറെ നേരം റോഡില്‍ കിടന്ന മുസ്‌ലിയാരെ നാട്ടുകാര്‍ എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തില്‍ തലക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ കരിം മുസ്‌ലിയാര്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിപ്പോള്‍.

ഹര്‍ത്താലുമായി കോഴിക്കോട് മിഠായി തെരുവില്‍ നടന്ന അക്രമ സംഭവങ്ങളില്‍ എന്ത് നടപടിയെടുത്തുവെന്ന് എം.കെ മുനീര്‍ എം.എല്‍.എ ചോദിച്ചു. “വളരെ മതസൗഹാര്‍ദ്ദപരമായി നില്‍ക്കുന്ന ഒരിടമാണ് മിഠായി തെരുവ്. അതില്‍ വിഷം കലര്‍ത്തുന്ന രീതിയില്‍ വലിയൊരു ആക്രമണമുണ്ടായി. വലിയ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. അതില്‍ എത്ര പ്രതികളെ പിടിച്ചു? സാധാരണ അങ്ങനെ അക്രമിക്കുന്നവരില്‍ നിന്നും നാശനഷ്ടത്തിനുള്ള പണം ഈടാക്കാറുണ്ട്. വ്യാപാരികള്‍ക്കുണ്ടായ നഷ്ടം ഈ അക്രമികളില്‍ നിന്ന് ഈടാക്കാനുള്ള നടപടിയെടുത്തിട്ടുണ്ടോ?” എന്നായിരുന്നു മുനീറിന്റെ ചോദ്യം.

കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇപ്പോള്‍ തന്റെ കൈവശം ഇല്ലെന്നും അക്രമികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

We use cookies to give you the best possible experience. Learn more