|

അമേരിക്കയിൽ നാണംകെട്ട് മെസിപ്പട; ഗോൾ മഴയിൽ മുങ്ങി ഇന്റർമയാമി

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. എന്‍.വൈ റെഡ് ബുള്‍സ് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമിയെ പരാജയപ്പെടുത്തിയത്.

സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയായിരുന്നു മയാമി കളത്തില്‍ ഇറങ്ങിയത്. അര്‍ജന്റീന ഇതിഹാസതാരത്തിന് പരിക്കേറ്റത്തിനെതുടര്‍ന്ന് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ അര്‍ജന്റീനന്‍ ടീമില്‍ നിന്നും മെസി പുറത്തായിരുന്നു. ഇതിനുപിന്നാലെ നടന്ന മയാമിയുടെ മത്സരവും താരത്തിന് നഷ്ടമാവുകയായിരുന്നു.

റെഡ് ബുള്‍സിന്റെ ഹോം ഗ്രൗണ്ട് ആയ റെഡ് ബുള്‍ റീനയില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനില്‍ ആണ് ആതിഥേയര്‍ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-5-2 എന്ന ശൈലിയുമാണ് മയാമി പിന്തുടര്‍ന്നത്.

റെഡ് ബുള്ളിനായി ലെവിസ് മോര്‍ഗന്‍ ഹാട്രിക് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 3, 51, 70 എന്നീ മിനിട്ടുകളില്‍ ആയിരുന്നു താരത്തിന്റെ മൂന്നു ഗോളുകള്‍ പിറന്നത്. 66ാം മിനിട്ടില്‍ വിക്കല്‍മാന്‍ കാര്‍മോണയുടെ ഗോള്‍ കൂടി വന്നതോടെ ഇന്റര്‍മയാമി പൂര്‍ണ്ണമായും തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തില്‍ 69% ബോള്‍ പൊസിഷന്‍ ഇന്റര്‍മയാമിയുടെ കൈവശമായിരുന്നു. എന്നാല്‍ എതിരാളികളുടെ പോസ്റ്റിലേക്ക് പന്ത് എത്തിക്കുന്നതില്‍ മയാമി താരങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഏഴ് ഷോട്ടുകളാണ് മയാമി എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. മറുഭാഗത്ത് റെഡ്ബുള്‍ 12 ഷോട്ടുകളും ഉതിര്‍ത്തു. ഇതില്‍ ആറ് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു.

സൂപ്പര്‍താരങ്ങളായ ലൂയി സുവാരസ്, സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്, ജോഡി ആല്‍ബ എന്നിവരെല്ലാം അണിനിരന്നെങ്കിലും മത്സരത്തില്‍ കാര്യമായി ഫലം ഉണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ആറു മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയും അടക്കം 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്റര്‍മയാമി. ജയത്തോടെ റെഡ് ബുള്‍സ് അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്നു വിജയവും ഒരു സമനിലയും ഒരു തോല്‍വിയും അടക്കം പത്തു പോയിന്റുകള്‍ നേടി മയാമിക്ക് തൊട്ടു പിറകില്‍ ഉണ്ട്.

മാര്‍ച്ച് 31ന് ന്യൂയോര്‍ക്ക് സിറ്റിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ചെയ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: N.V Red Bulls beat Inter Miami in MLS

Latest Stories