തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള ചലച്ചിത്ര അക്കാദമി പുരസ്‌കാര നിര്‍ണയ കമ്മിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി ജൂറി അംഗമായിരുന്ന എന്‍. ശശിധരന്‍. ഇപ്പോള്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ജനപ്രിയ സിനിമകളുടെ മാനദണ്ഡം വെച്ചിട്ടാണ് നിര്‍ണയിച്ചിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാതൃഭൂമി ഡോട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിനിമ മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇനിയൊരു പുരസ്‌കാരനിര്‍ണയ കമ്മിറ്റിയിലും തന്റെ സാന്നിധ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരു നല്ല സിനിമയേ അല്ല. സ്ത്രീപക്ഷ സിനിമ എന്നുപറയുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയില്‍ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്. ഞാന്‍ ആ സിനിമയ്ക്കെതിരാണ്. തികച്ചും യാന്ത്രികമായി നടന്ന അവാര്‍ഡ് നിര്‍ണയമായിരുന്നു,’ ഇത്. എന്‍. ശശിധരന്‍ പറഞ്ഞു.
ഒരു മനുഷ്യന്‍ എന്ന നിലയില്‍ ജൂറി കമ്മിറ്റിയില്‍ താന്‍ അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു.
‘പുരസ്‌കാരനിര്‍ണയ അധ്യക്ഷയായിരുന്ന സുഹാസിനി ആദ്യം മുതല്‍ തന്നെ പറഞ്ഞത് എനിക്കു ശരി എന്നു തോന്നുന്ന സിനിമക്കുവേണ്ടി സംസാരിക്കാനാണ്. പക്ഷേ, മികച്ച സിനിമകള്‍ക്കുവേണ്ടിയുള്ള എന്റെ സംസാരത്തെ അവര്‍ മുഖവിലയ്ക്കെടുത്തില്ല. എന്റെ സിനിമാ നിരീക്ഷണപാടവത്തിന് ഇവിടെ ഒരു പ്രസക്തിയുമില്ലാതായിപ്പോയി,’ എന്‍. ശശിധരന്‍ കൂട്ടിച്ചിച്ചേര്‍ത്തു.
ജൂറി അംഗം എന്ന നിലയില്‍ ജനം എന്നില്‍നിന്നു പ്രതീക്ഷിക്കുന്നത് മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പാണ്. ആ തിരഞ്ഞെടുപ്പ് പ്രക്രിയയിലാണ് ഞാന്‍ അകത്തിരുന്ന് കബളിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.