| Sunday, 14th May 2017, 3:21 pm

'ജീവിതത്തെ ഉത്സവമാക്കുന്ന എഴുത്ത്'; നോവലിന്റെ ഭൂമികയിലെ പുതിയ കാല്‍വെപ്പാണ് 'നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്ക്' ; എന്‍ ശശിധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജീവിതത്തെ ഉത്സവമാക്കുന്ന എഴുത്താണ് ബാബു ഭരദ്വാജിന്റേതെന്ന് എന്‍ ശശിധരന്‍. നോവലിന്റെ ഭൂമികയിലെ പുതിയ കാല്‍വെപ്പാണ് “നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്കെ”ന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ബാബു ഭരദ്വാജ് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച “നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്ക്” എന്ന നോവല്‍ പ്രകാശന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടുക്കുകയായിരുന്നു അദ്ദേഹം.


Also read മലയാള സാഹിത്യം പരിമിതികള്‍ മറികടന്നത് കേരളം വിട്ടവരിലൂടെ: ടി .പി.രാജീവന്‍


ഇന്ന് കേരളത്തില്‍ സഹജീവികളോട് അധികാരം പ്രയോഗിക്കാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അത് സാമ്പത്തികമായാലും, പുരുഷാധിപത്യ പരമായാലും, ലൈംഗിമായാലും  അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. കല, എഴുത്ത് എന്ന വ്യവഹാരം തന്നെ, എല്ലാ അധികാര രൂപങ്ങള്‍ക്കും എതിരായി നില്‍ക്കുന്നതാണ് അതെന്നും എന്നാലിന്ന് എഴുത്തുകാരന്‍ അല്ലെങ്കില്‍ എഴുത്തുകാരി എന്നത് തന്നെ മറ്റൊരു അധികാര രൂപമായി പരിണമിക്കുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് ദൗര്‍ഭാഗ്യകരമാണെന്നും എന്നാല്‍ എഴുത്തിന്റെ മൂല്യം അധികാരത്തിന്റെ അവസ്ഥാ ഭേദമാവുന്നതിനെ ജീവിതം കൊണ്ടും എഴുത്തു കൊണ്ടും പ്രതിരോധിച്ച എഴുത്തുകാരനായിരുന്നു ബാബു ഭരദ്വാജെന്നും ശശിധരന്‍ ഓര്‍മ്മിച്ചു. “അദ്ദേഹം എഴുതിയതധികവും യാത്രകളെക്കുറിച്ചാണ്. കേരളത്തിനു പുറത്തുള്ള നഗരങ്ങളില്‍ നടത്തിയ യാത്രകളെക്കുറിച്ച്. പക്ഷേ, യാത്രകളെ കുറിച്ച് എഴുതുമ്പോഴെല്ലാം പ്രത്യക്ഷമായത് കേരളത്തിലെ ദേശങ്ങളാണ്, നാട്ടിന്‍ പുറങ്ങളാണ്.” അദ്ദേഹം പറഞ്ഞു.

നോവലിലെ നറുക്കിലക്കാട് ഒരു ദേശമാണെന്ന പറഞ്ഞ അദ്ദേഹം എസ് .കെ .പൊറ്റക്കാട് ഒരു ദേശത്തിന്റെ കഥയില്‍ സൃഷ്ടിച്ച “അതിരാണിപ്പാടം” യഥാര്‍ത്ഥ കഥാ പത്രങ്ങള്‍ ഉള്ള ഒരു സാങ്കല്‍പ്പിക ലോകമായിരുന്നെങ്കില്‍ നറുക്കിലക്കാട് പൂര്‍ണമായും സങ്കല്‍പികമായ കഥാപത്രങ്ങളെ കൊണ്ട് നോവലിസ്റ്റ് സൃഷ്ടിച്ച ഒരു “യഥാര്‍ത്ഥ” നാടാണെന്ന് പറഞ്ഞു.


Dont miss കോടിയേരിയെ ദല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ല: ഭീഷണിയുമായി ദല്‍ഹി യുവമോര്‍ച്ചാ നേതാവ് 


“പുതു ദേശവും പുതു ലോകവും സൃഷ്ടിക്കാനുള്ള പ്രവൃത്തിയായി നോവല്‍ മാറുമ്പോള്‍ പുതിയ അനുഭവ പ്രപഞ്ചമാണ് സൃഷ്ടിക്കപ്പെടുന്നത്. നോവലിസ്റ്റ് സൃഷ്ടിച്ച നൂതനമായ ഒരു ആവാസ വ്യവസ്ഥയാണ് ഈ നോവലിലെ നറുക്കിലക്കാട്.
മെറ്റാ ഫിക്ഷന്‍ എന്ന ജനുസ്സില്‍ പെടുത്താവുന്ന ഒരു നോവലാണിത്. നോവലിന്റെ ചട്ടക്കൂട് തന്നെ ഭേദിച്ച് പുതുതായി ഊര്‍ജ്ജം കൊടുത്ത് ഒരു അനുഭവ സ്ഥലി നിര്‍മിക്കപ്പെടുന്നു ഇതില്‍.”

“ആ അനുഭവ പ്രപഞ്ചത്തില്‍ സാധാരണക്കാര്‍ ഉണ്ട്, അസാധാരണക്കാര്‍ ഉണ്ട്. എന്നാല്‍ സാധാരണ ഗതിയിലുള്ള കഥാ പരിണാമങ്ങളില്ല. കഥാപാത്രങ്ങളുടെ അനുക്രമമായ വളര്‍ച്ച എന്ന യുക്തിയൊക്കെ ത്യജിച്ചിരിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തെക്കുറിച്ചുള്ള ഖണ്ഠനമോ സ്തുതിയോ ആയി ഈ നോവല്‍ വായിച്ചു കളയരുത്.” അദ്ദേഹം പറഞ്ഞു.
പ്രത്യയ ശാസ്ത്രത്തിനും ഭാഷയ്ക്കും സംസ്‌കാരത്തിനും ഒക്കെ ഇടയിലൂടെയുള്ള ചരിത്രത്തിന്റെ പ്രവാഹത്തെയാണ നോവല്‍ വരച്ചു കാണിക്കുന്നതെന്നും ചരിത്രവും മനുഷ്യരും തമ്മിലുള്ള, കാലവും ജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളെ സവിശേഷമായി സമീപിക്കുന്ന നോവലാണ് നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്കെന്നും പറഞ്ഞ അദ്ദേഹം അതില്‍ കോറിയിടുന്ന യുക്തിരഹിതമായ ചിത്രങ്ങള്‍ നറുക്കിലക്കാടിന്റെ രേഖീയ ചരിത്രമല്ല. അനുഭവങ്ങളുടെ സാകല്യത്തില്‍ മാത്രമേ അവ അര്‍ത്ഥവേധിയാവുകയുള്ളൂവെന്നും പറഞ്ഞു.

“ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമൊക്കെ പുതിയ പര്യാലോചനകള്‍ക്കു പ്രേരിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്ര വിമര്‍ശനപാഠമാണ് ഈ കൃതി. അതില്‍ തെളിയുന്ന പാഠങ്ങള്‍ “സത്യ”മാണോ എന്ന ആലോചനയില്‍ വലിയ കാര്യമില്ല. സര്‍ഗ്ഗാത്മകമായ ഒരു വിമര്‍ശന പ്രയോഗത്തെ സംബന്ധിച്ച് ആ പരിഗണന അപ്രസക്തമാണ്.”


You must read this ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടം വീണ്ടും; പത്തിലധികം പേര്‍ ചേര്‍ന്ന് യുവാവിനെ തല്ലിച്ചതക്കുന്ന വീഡിയോ പുറത്ത് 


“ഈ നോവലിലെ എഴുത്തിന്റെ രീതി, ശൈലി, ആഖ്യാന വിധം അത്ഭുതകരമാം വിധം അനന്യത പുലര്‍ത്തുന്നതാണ്. പ്രത്യേകമായ ഒരു അപ്രതിരോധ്യതയുണ്ട് ഇതിലെ ആവിഷ്‌കരണങ്ങള്‍ക്ക്. എഴുത്തിനെ ഒരാഘോഷമാക്കുന്ന നോവല്‍ എന്നു പറയാം. വായിക്കുമ്പോള്‍ നോവല്‍ വായിക്കുകയല്ല, ജീവിതോത്സവത്തിന്റെ അനിരുദ്ധമായ പ്രവാഹത്തില്‍ പങ്കെടുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇക്കാര്യത്തില്‍ അമാഗോവിന്റെ എഴുത്തിനു സമശീര്‍ഷമാണ് ബാബു ഭരദ്വാജിന്റെ എഴുത്ത്.”

പുറം ലോകത്തു നിന്നും വരുന്ന ചില പുതിയ നോവലുകള്‍ വായിച്ചപ്പോള്‍ ലഭിച്ച ഊര്‍ജ്ജം എനിക്ക് ഈ നോവല്‍ വായിച്ചപ്പോഴും ലഭിച്ചെന്നു പറഞ്ഞ അദ്ദേഹം. എന്റെ സുഹൃത്താണ് എഴുത്തുകാരന്‍ എന്ന കാര്യം മാറ്റി വെച്ച് ഒട്ടും അത്യുക്തി കൂടാതെയാണ് ഇങ്ങനെ പറയുന്നതെന്നും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more