തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരിപ്പഴിപ്പിച്ചത് മനപ്പൂര്‍വ്വമോ ബോധപൂര്‍വ്വമോ അല്ലെന്ന് നിയമസഭ സ്പീക്കര്‍ എന്‍.ശക്തന്‍. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാലാണ് അങ്ങനെ ഒരു സംഭവമുണ്ടായത്. തനിക്ക് ലക്ഷം പേരില്‍ ഒരാള്‍ക്ക് വരുന്ന രോഗമുണ്ട്. കൈകൊണ്ട് ഭാരമുള്ള ഒരു സാധനവും എടുക്കരുതെന്നും കുനിഞ്ഞ് ഒന്നും എടുക്കരുതെന്നും ഡോക്ടറുടെ നിര്‍ദ്ദശമുണ്ട്. അദ്ദേഹം പറഞ്ഞു.
രോഗം പുറത്ത് കാണിക്കേണ്ടെന്ന് കരുതിയാണ് എനിക്കാവുംവിധം കുനിഞ്ഞ് കറ്റ കൊയ്തതും മെതിച്ചതും. നെല്ലുകള്‍ക്കിടയില്‍ കയറേണ്ടി വരുമെന്നതിനാലാണ് കെട്ടുള്ള ചെരിപ്പിട്ടത്. ചെരിപ്പഴിക്കേണ്ടി വരികയാണെങ്കില്‍ സാധാരണയായി ഞാന്‍ കെട്ടില്ലാത്ത ചെരിപ്പ് ധരിക്കാറില്ല. എന്നാല്‍ ഇന്നലെ നെല്ല് മെതിക്കുന്നയിടത്ത് പായ വിരിച്ച് അതിന് മുകളിലാണ് കല്ല് വെച്ചിരുന്നത് അതുകൊണ്ടാണ് ചെരിപ്പഴിക്കേണ്ടിവന്നത്. ശക്തന്‍ പറഞ്ഞു.
പത്ത് പതിനഞ്ച് കൊല്ലമായി എന്റെ കൂടെയുള്ളയാളാണ് എന്റെ ബന്ധുകൂടിയായ ബിജു. വ്യക്തിപരമായ കാര്യങ്ങള്‍ നോക്കുന്നതിനാണ് ബിജു കൂടെ വരുന്നത്. എനിക്ക് വാഹനമോടിക്കാന്‍ പ്രശ്‌നങ്ങളുള്ളതിനാലാണ് ബിജു ഡ്രൈവറായത്.
എന്നെ അറിയുന്നവര്‍ക്കെല്ലാം എന്റെ ആരോഗ്യപ്രശ്‌നമറിയാം. ഇത്രയും കാലത്തെ എന്റെ പൊതു പ്രവര്‍ത്തനത്തിനിടയ്ക്ക് ഞാനൊരു തലക്കനമുള്ള ആളാണെന്ന് എതിരാളികള്‍ പോലും പറഞ്ഞിട്ടില്ല. കണ്ണിന് പത്ത് തവണയില്‍ കൂടുതല്‍ ലേസര്‍ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. നിസാരമായ ഒരു സംഭവം മാധ്യമങ്ങള്‍ ഇത്രയും വിവാദമാക്കിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.