ചങ്ങനാശേരി : ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. എന്‍.എസ്.എസ് മുഖപത്രമായ സര്‍വീസസിലെ ത്രിതലപഞ്ചായത്തു തിരഞ്ഞെടുപ്പുഫലം എന്‍എസ്എസിന്റെ സമദൂരനിലപാട് ശരിവയ്ക്കുന്നു” എന്ന തലക്കെട്ടോടു കൂടിയ മുഖപ്രസംഗത്തിലാണ് ബി.ജെ.പിക്കെതിരെ എന്‍.എസ്.എസ് ആഞ്ഞടിക്കുന്നത്.
ബി.ജെ.പി -എന്‍എസ്എസ് നേതൃത്വവുമായി ധാരണയ്ക്ക് ശ്രമിച്ചത് അപലപനീയമാണെന്നും എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചെന്നും മുഖപത്രമായ സര്‍വീസസില്‍ പറയുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി-ബിജെപി സഖ്യം പൂര്‍ണമായും പരാജയപ്പെട്ടു. ഒറ്റയ്ക്കു മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി ഇതിലും മികച്ച വിജയം നേടുമായിരുന്നെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു.
ബി.ജെ.പിയുമായി ചേര്‍ന്ന് രാഷ്ട്രീയലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് വിശാലഹിന്ദു ഐക്യത്തിന് രൂപം നല്‍കാന്‍ സംസ്ഥാനത്തെ ഒരു ഹൈന്ദവമത സമുദായ സംഘടന നീക്കം നടത്തിയപ്പോള്‍ അതില്‍ പങ്കുചേരാന്‍ എന്‍.എസ്.എസ് നേതൃത്വം തയാറായില്ല. മറുവശത്ത് ആ സംഘടനാനേതൃത്വത്തെ കൈപ്പിടിയിലാക്കി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.
എന്‍എസ്എസില്‍ തന്നെ ഈയൊരു വിഷയത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബിജെപിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മാത്രമല്ല സംഘടനയില്‍ പിളര്‍പ്പുണ്ടെന്നു വരുത്തി തീര്‍ക്കാനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കാനും ബി.ജെ.പി നേതൃത്വം ശ്രമിച്ചെന്നും മുഖപ്രസംഗം പറയുന്നു.