തിരുവനന്തപുരം: ബി.ജെ.പിയിൽ ചേരുന്നെന്ന് പ്രഖ്യാപിച്ച ഡി.എം.ആർ.സി ചെയർമാൻ ഇ. ശ്രീധരന്റെ രാഷ്‌ട്രീയ നിലപാടുകളെ വിലയിരുത്തി എഴുത്തുകാരൻ എൻ.എസ് മാധവൻ. മലയാള മനോരമയിലെഴുതിയ പംക്തിയിലാണ് എൻ.എസ് മാധവൻ ഇക്കാര്യം വ്യക്തമാക്കിയത്.
വിരളമായി മാത്രം രാഷ്ട്രീയ നിലപാടുകൾ പറയുന്ന ആളാണ് ഇ. ശ്രീധരനെന്നും അദ്ദേഹം പറയുന്ന രണ്ട് രാഷ്ട്രീയ നിലപാടുകൾ അപകടകരമാണെന്നുമാണ് അദ്ദേഹം പറയുന്നത്.
`ഇ. ശ്രീധരൻ വിരളമായേ രാഷ്ട്രീയം പറയാറുള്ളു. അവസാനമായി അദ്ദേഹം പ്രകടിപ്പിച്ച രണ്ട് രാഷ്‌ട്രീയ അഭിപ്രായങ്ങൾ പരിശോധിക്കാം. ആദ്യത്തേത് വിദ്യാലയങ്ങൾ രാഷ്ട്രീയ മുക്തമാക്കണം എന്നതാണ്. കേരളത്തിലെ മധ്യവർഗത്തിനിടയിൽ പ്രബലമായ വിചാരമാണിത്. അത് അധികം ചിന്തിക്കാതെ അദ്ദേഹം- മധ്യവർഗത്തിന്റെ വിഗ്രഹം- ആവർത്തിച്ചെന്ന് കരുതിയാൽ മതി.
രണ്ടാമതായി പറഞ്ഞത് പൗരത്വ ബില്ലിനെതിരായ സമരത്തെക്കുറിച്ചാണ്. എന്തിന്റെയും പേരിൽ കേന്ദ്രത്തെ എതിർക്കുക ഒരു ഫാഷൻ ആയി മാറിയിരിക്കുന്നു എന്നായിരുന്നു ശ്രീധരന്റെ വിമർശനം. അവിശ്വസനീയം! ഒട്ടേറെ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച് ഭരണകക്ഷിയായ ബി.ജെ.പി പോലും, ഉടുപ്പു മാറുന്നത് പോലുള്ള, ലാഘവത്തിലുള്ള ഒരു കാര്യമായി പറഞ്ഞിട്ടില്ല,` എൻ.എസ് മാധവൻ എഴുതി.
അപകടകരമായ ഈ ‘നിഷ്‌കളങ്കത’ ശ്രീധരൻ ഇപ്പോൾ ബി.ജെ.പിയിൽ ചേരാൻ പറഞ്ഞ കാരണത്തിലും കാണാമെന്നും എൻ.എസ് മാധവൻ പറഞ്ഞു.
കേരളത്തിലെ രണ്ട് മുന്നണികളിലും ഇച്ഛാശക്തി കാണാത്തതാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ശ്രീധരൻ പറഞ്ഞത്. വ്യക്തിപരമായ രാഷ്ട്രീയ തീരുമാനം എന്ന് പറഞ്ഞാൽ മതിയായിരുന്നു ശ്രീധരനെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു താൻ ബി.ജെ.പിയിൽ ചേരുമെന്ന് ഇ ശ്രീധരൻ പ്രഖ്യാപിക്കുന്നത്. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരൻ പറഞ്ഞത്. കേരളത്തിൽ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്നും ശ്രീധരൻ പറഞ്ഞു.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരൻ പാർട്ടിയിൽ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയിൽ പാർട്ടിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ അറിയിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ ബി.ജെ.പിയിൽ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക