| Monday, 7th December 2020, 3:42 pm

'നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല്‍ വാജ്‌പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും': എന്‍.എസ് മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശാസ്ത്രസ്ഥാപനത്തിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പി നേതാവ് വി.മുരളീധരന് മറുപടിയുമായി സാഹിത്യകാര്യന്‍ എന്‍.എസ് മാധവന്‍. നെഹ്‌റുവിന് വള്ളംകളിയറിഞ്ഞിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേര് നല്‍കിയിരിക്കുന്നതെന്ന മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടാണ് എന്‍.എസ് മാധവന്‍ പ്രതകരിച്ചത്.

‘നെഹ്‌റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല്‍ വാജ്‌പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും.’- എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ഹിമാചല്‍ പ്രദേശിലെ മണാലിയിലെ അടല്‍ തുരങ്കപ്പാതയെ സൂചിപ്പിച്ചുകൊണ്ടാണ് എന്‍.എസ് മാധവന്‍ മുരളീധരനെ പരിഹസിച്ചത്. മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ പ്രമുഖ നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയുടെ സ്മരണാര്‍ത്ഥമാണ് തുരങ്കപാതക്ക് ‘അടല്‍’ എന്ന പേര് നല്‍കിയിരിക്കുന്നത്. ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആരുമില്ലാത്ത പാതയിലൂടെ ജനങ്ങളെ നോക്കി കൈവീശി വരുംപോലെ കടന്നുവരുന്ന മോദിയുടെ ചിത്രം ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. ‘ഈ ഗവേഷണ കേന്ദ്രത്തിന് ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍, വൈറല്‍ ഇന്‍ഫെക്ഷന്‍” എന്ന് പേരിടുന്നതില്‍ സന്തോഷമുണ്ട്’, ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ രംഗത്തെത്തി. ശാസ്ത്രസ്ഥാപനത്തിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്റെ പേരിടുന്നതിലെ യുക്തിയെന്താണെന്ന് പലരും ചോദ്യമുന്നയിച്ചു. കേരളത്തിലെ ആദ്യ വാക്സിന്‍ വിദഗ്ധനായ ഡോ.പല്‍പ്പുവിന്റെ പേരാണ് ഇടേണ്ടതെന്ന് ശശി തരൂര്‍, മുല്ലക്കര രത്നാകരന്‍, എം.എ ബേബി തുടങ്ങി നിരവധി പേര്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഇത്രയധികം വെറുപ്പ് പ്രചരിപ്പിച്ച മറ്റൊരു വ്യക്തിയുണ്ടാകാന്‍ വഴിയില്ലെന്നും മുല്ലക്കര രത്നാകരന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കേരള സര്‍ക്കാരും രംഗത്തെത്തി. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹര്‍ഷവര്‍ധന് കത്തെഴുതി.രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്.

പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടെങ്കില്‍ തിരുത്തണമെന്നും തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ പേര് മാറ്റത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയത്. നെഹ്‌റു ട്രോഫി വള്ളംകളിക്ക് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് നല്‍കിയത് അദ്ദേഹത്തിന് വള്ളംകളിയറിഞ്ഞിട്ടാണോയെന്നും ഏതെങ്കിലും കായികയിനത്തില്‍ പങ്കെടുത്തിട്ടാണോയെന്നും മുരളീധരന്‍ വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു. മുരളീധരന്റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: N S Madhavan slams V Muraleedharan on Nehru trophy comment on Golwalkar controversy

We use cookies to give you the best possible experience. Learn more