സുരാജ് വെഞ്ഞാറമൂടിന്റെ ഹിഗ്വിറ്റ എന്ന ചിത്രത്തിന്റെ പേര് വിവാദമാകുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളെ കണ്ട് എന്‍. എസ്. മാധവന്‍. തന്റെ കഥയുടെ പേര് ഉപയോഗിച്ചതില്‍ വിഷമമുണ്ടെന്നും ചെറുകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നതെന്നും അത് തനിക്ക് വലിയ തിരിച്ചടിയാണെന്നും എന്‍.എസ്.മാധവന്‍ പറഞ്ഞു.
പേരില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫിലിം ചേംബറിന് മുമ്പില്‍ പരാതിയല്ല പകരം അപേക്ഷയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
”ഒരു പേരിന്റെയോ വാക്കിന്റെയോ മുകളില്‍ ആര്‍ക്കും കോപ്പി റൈറ്റ് ഇല്ല. അത് ഉപയോഗിക്കുന്നതില്‍ ടെക്‌നിക്കലി എന്താണ് തെറ്റെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല. വ്യക്തിപരമായി എനിക്ക് വലിയ ദുഖവും നഷ്ടവും ഉണ്ടാക്കുന്ന കാര്യമാണിത്.
കാരണം ഹിഗ്വിറ്റ എന്ന എന്റെ ചെറുകഥ സിനിമയാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലേക്കാണ് ഈ സംഭവം ഉണ്ടായത്. ഇത് എനിക്ക് വല്ലാത്തൊരു തിരിച്ചടിയായി. അതല്ലാതെ ഇതിന്റെ നിയമവശത്തിനും കോപ്പി റൈറ്റിന്റെ പിന്നാലെയൊന്നും ഞാന്‍ പോകുന്നില്ല. അതിനെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പോലും എനിക്ക് സമയമില്ല.
എന്റെ ചെറുകഥ സിനിമയാക്കുന്നതിന്റെ പ്രാഥമിക തലത്തിലായിരുന്നു. ഇത് അപ്രതീക്ഷിതമാണ്. എന്റെ സിനിമ വരുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. പക്ഷെ സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ വളരെ സന്തോഷകരമായി മുന്നോട്ട് പോവുന്നുണ്ട്.
ഫിലിം ചേംബറിന് മുമ്പില്‍ പരാതിയല്ല, അപേക്ഷയാണ് ഞാന്‍ നല്‍കിയത്. ഞാന്‍ ഈ വിഷയത്തെ നിയമപരമായി കാണുകയാണെന്നാണ് എന്നെ വിമര്‍ശിക്കുന്നവര്‍ കരുതുന്നത്. ഞാന്‍ ഇതിനെ ആ രീതിക്കല്ല കാണുന്നത്.
എലിപ്പത്തായം, കുടിയേറ്റം തുടങ്ങിയ പേരുകളില്‍ ഞങ്ങളാരും കഥകള്‍ എഴുതില്ല. അടൂരിനോടുള്ള ബഹുമാനം കൊണ്ടാണത്. ഇത് ഒരു എഴുത്തുകാരന്റെ നൈതീകതയുടെയും നിലനില്‍പ്പിന്റെയും പ്രശ്‌നമാണ്. ഞാന്‍ ഇതുവരെ നിയമപരമായിട്ട് ചിന്തിച്ചിട്ടുമില്ല, ചിന്തിക്കാന്‍ പോകുന്നുമില്ല,” എന്‍.എസ്. മാധവന്‍ പറഞ്ഞു.
content highlight: n.s madhavan said that he did not want to proceed legally against higuita movie