വിദ്യാഭ്യാസമന്ത്രിയുടെ ശബ്ദം ഒരു സംഘിയെപ്പോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫസര്‍ നിങ്ങള്‍ ശരിക്കും ഒരു മാര്‍ക്‌സിസ്റ്റ് തന്നെയാണോയെന്നും എന്‍.എസ് മാധവന്‍ ചോദിച്ചു.
തിരുവനന്തപുരം: മദ്യവും മയക്കുമരുന്നും മത്സ്യമാംസാദികളും ഒരുപോലെയാണെന്നും അവ ഉപയോഗിക്കരുതെന്നുമുള്ള വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.
മത്സ്യം, മാസം, മുട്ട എന്നിവയെ മദ്യത്തോടും മയക്കുമരുന്നിനോടും ഉപമിച്ച വിദ്യാഭ്യാസമന്ത്രിയുടെ ശബ്ദം ഒരു സംഘിയെപ്പോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രൊഫസര്‍ നിങ്ങള്‍ ശരിക്കും ഒരു മാര്‍ക്‌സിസ്റ്റ് തന്നെയാണോയെന്നും എന്‍.എസ് മാധവന്‍ ചോദിച്ചു. തന്റെ പ്ലേറ്റിലേക്ക് എത്തിനോക്കാന്‍ വരേണ്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രകൃതി തന്ന ഭക്ഷണമല്ലാതെ മറ്റൊന്നും ഉപയോഗിക്കരുത്. പ്രകൃതിയോട് അടുക്കുമ്പോള്‍ മനസ്സിനും ശരീരത്തിനും സുഖമുണ്ടാകും. മത്സ്യം, മാംസം, മുട്ട, പുകയില, മയക്കുമരുന്ന്, മദ്യം എന്നിവയുടെ സ്വാദ് തനിക്കറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രകൃതിയില്‍ നിന്ന് അകലുമ്പോഴാണ് മനുഷ്യന്‍ രോഗിയാകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
ബുധനാഴ്ച വി.ജെ.ടി ഹാളില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള പൊലീസ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് കുട്ടികളിലെ മയക്കുമരുന്നുപയോഗത്തെ സംബന്ധിച്ചു നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സാമ്പത്തികവും സാമൂഹികവുമായ പലതരം അസമത്വങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളാണ് പലപ്പോഴും മയക്കുമരുന്നുകള്‍ ഉള്‍പെടെയുള്ള പല വിപത്തുകളുടേയും വ്യാപനത്തിന് കാരണമാകുന്നത്. എന്നാല്‍ എന്തു പ്രലോഭനങ്ങള്‍ ഉണ്ടായാലും മയക്കുമരുന്നുകളും ആരോഗ്യത്തിന് ഹാനികരമായ ആഹാരങ്ങളും മറ്റും ഉപയോഗിക്കുകയില്ലെന്ന് ഉറച്ച തീരുമാനം എടുക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. അത്തരം നിശ്ചയദാര്‍ഢ്യം വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്തവനയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലും മറ്റും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. താന്‍ ഒരു വെജിറ്റേറിയന്‍ ആണെന്ന് പറയാനും മത്സ്യ മാംസാദികള്‍ ജീവിതത്തില്‍ ഒരിക്കലും രുചിച്ചു നോക്കിയിട്ട് പോലുമില്ലെന്ന് ഊറ്റം കൊള്ളാനുമുള്ള മന്ത്രി അദ്ദേഹത്തിന്റെ അവകാശം മാനിക്കുന്നു. എന്നാല്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തെ മദ്യവും മയക്കുമരുന്നുമായി അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ടെങ്കില്‍ അത് വെറും വിവരക്കേടായി തള്ളാവുന്നതല്ല. പശു ദേശീയത സാംക്രമിക രോഗമായി പുരോഗമന കോട്ടകള്‍ തുളച്ചു കയറുന്നതാണ്. ഹിറ്റ്‌ലര്‍ ഒരു സസ്യഭുക്കായിരുന്നു സഖാവേ. ഇന്ത്യയിലെ ഹിറ്റ്‌ലര്‍മാരും അങ്ങനെ തന്നെയെന്നായിരുന്നു എന്നാണ് ഹിന്ദു പത്രത്തിന്റെ പ്രത്യേക ലേഖകന്‍ കെ. എ ഷാജി പ്രസ്താവനയോട് പ്രതികരിച്ചത്.
വിദ്യഭ്യാസ മന്ത്രിയോ അതോ ഏതോ ഹൈന്ദവ സ്വാമിയോ? കള്ളും കഞ്ചാവും മത്സ്യ മാംസങ്ങളും പ്രകൃതിയില്‍ നിന്ന് തന്നെയല്ലെ ഉണ്ടാകുന്നത്? പ്രകൃതിയില്‍ അലിഞ്ഞ് ചേര്‍ന്ന് ജീവിക്കുമ്പോള്‍ നമ്മുടെ ശരാശരി ആയുസ്സ് 35 ആയിരുന്നില്ലെ ?
വിദ്യാഭ്യാസ മന്ത്രിക്ക് അവശ്യം വേണം വിദ്യാഭ്യാസമെന്നായിരുന്നു പാലക്കാട് സ്വദേശി അരുണ്‍ എന്‍.എം പ്രതികരിച്ചത്.
ഇടതുനേതാക്കള്‍ക്കെങ്കിലും ശാസ്ത്രബോധം ഇല്ലാതാകുന്നത് നിരാശാജനകമാണെന്നും ചിലര്‍ പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്നും ബീഫ് കഴിക്കുന്നതിനെതിരെ ഫാസിസ്റ്റ് ശക്തികള്‍ പ്രതികരിക്കുന്ന ഈ സമയത്തു തന്നെ മത്സ്യമാംസാദികള്‍ക്കെതിരെ പറഞ്ഞ മന്ത്രിയുടെ പ്രസ്താവന കേരളത്തിന് നാണക്കേടാണെന്നും പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം എസ്. ഫൈസി അഭിപ്രായപ്പെട്ടു.
എന്നാല്‍ ഈ വിഷയത്തോട് പ്രതികരിക്കാന്‍ വിദ്യാഭ്യാസമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.