| Thursday, 17th November 2022, 7:56 am

'ദോശ ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല'; അഞ്ജലി മേനോന്റെ പ്രസ്താവനക്ക് പരിഹാസവുമായി എന്‍.എസ്. മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ നിരൂപണത്തെ കുറിച്ച് സംവിധായക അഞ്ജലി മേനോന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. സിനിമ മേക്ക് ചെയ്യുന്ന പ്രോസസിനെ കുറിച്ച് പഠിച്ചതിന് ശേഷമാണ് റിവ്യു ചെയ്യേണ്ടത് എന്നായിരുന്നു അഞ്ജലി മേനോന്‍ പറഞ്ഞത്. അഞ്ജലി മേനോന്റെ ഈ പ്രസ്താവന എതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍.

‘ അഞ്ജലി മേനോന്‍ ഒരു തട്ടുകടയിലെത്തി ദോശ ഓര്‍ഡര്‍ ചെയ്ത് കഴിച്ച ശേഷം ദോശ മോശമാണെന്ന് പറഞ്ഞു. തട്ടുകടക്കാരന്‍ : മാഡം ദോശ ഉണ്ടാക്കാന്‍ അറിയാത്തവര്‍ക്ക് അത് കൊള്ളില്ലെന്നു പറയാനും അവകാശമില്ല’ എന്നായിരുന്നു എന്‍.എസ്. മാധവന്റെ പരിഹാസം.

അഞ്ജലി മേനോന്റെ പരാമര്‍ശത്തിനെതിരെ സിനിമപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. നേരത്തെ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും രംഗത്തെത്തിയിരുന്നു. ഡയറക്ട് ചെയ്യാന്‍ വേണ്ടി പോലും താന്‍ കോഴ്സൊന്നും പഠിച്ചിട്ടില്ലെന്നും അധ്വാനിച്ച പണം കൊണ്ട് സിനിമകാണുന്ന പ്രേക്ഷകനാണ് താനെന്നുമാണ് ജൂഡ് പറഞ്ഞത്. അഞ്ജലി മേനോന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ജൂഡിന്റെ കുറിപ്പ്.

അതേസമയം ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ നിരൂപണത്തെ കുറിച്ച് സംവിധായിക സംസാരിച്ചത്. ഫിലിം മേക്കിങ്ങിന്റെ വിവിധ ഘട്ടങ്ങളും പ്രോസസുകളും മനസിലാക്കിയ ശേഷം റിവ്യു ചെയ്യുന്നത് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും അഞ്ജലി മേനോന്‍ പറഞ്ഞത്.

ഒരു സിനിമ കണ്ട് മുഴുവനാക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ പറയുന്നതും എഡിറ്റിങ്ങിനെ കുറിച്ച് മനസിലാക്കാതെ ലാഗുണ്ട് എന്ന കമന്റുകള്‍ പറയുന്നതും ഏറെ നിരുത്തരവാദപരമായ പെരുമാറ്റമാണെന്നും അവര്‍ പറഞ്ഞിരുന്നു.

‘ഒരു സിനിമ മുഴുവന്‍ കാണാതെ കമന്റ് പറയുന്നത് ഉത്തരവാദിത്തബോധമില്ലാത്ത പ്രവര്‍ത്തിയാണ്. ആദ്യ കുറച്ച് ഭാഗം കഴിയുമ്പോള്‍ ഒരു ട്വീറ്റ്, ഇന്റര്‍വെല്ലില്‍ ഒരു ട്വീറ്റ്, അവസാനം ഒരു ട്വീറ്റ് എന്നിങ്ങനെ കണ്ടിട്ടുണ്ട്. പലതും ഫാന്‍സുമായി ബന്ധപ്പെട്ടതാണെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മ തന്നെയാണ്. സിനിമ കാണാന്‍ പോയതല്ലേ അപ്പോള്‍ ആദ്യം സിനിമ മുഴുവനായി കാണൂ എന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.

റിവ്യു ചെയ്യുന്നവര്‍ സിനിമയുടെ പ്രോസസിനെ കുറിച്ച് അറിഞ്ഞിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. പക്ഷെ, പലപ്പോഴും റിവ്യൂവേഴ്‌സിന് അങ്ങനെ ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ടാകാറില്ല.

സിനിമക്ക് ലാഗുണ്ട് എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരാറുള്ളത്. ഇത്തരം കമന്റുകള്‍ പറയുന്നതിന് മുമ്പ് എഡിറ്റിങ് എന്താണെന്ന് ആദ്യം കുറച്ചെങ്കിലും അറിഞ്ഞിരിക്കണം. ഡയറക്ടര്‍ തന്റെ സിനിമക്ക് ഒരു പേസ് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. അതേക്കുറിച്ചും സിനിമയുടെ പ്രമേയത്തെ കുറിച്ചും മനസിലാക്കിയിരിക്കണം.

ടെക്‌നിക്കല്‍ ഏരിയകളിലെ കമന്റുകളെ സ്വാഗതം ചെയ്യുന്നയാളാണ് ഞാന്‍. ഫിലിം ക്രിട്ടിസിസം വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമാ നിരൂപകരുടെ റിവ്യു വായിക്കാന്‍ എനിക്ക് ഏറെ ഇഷ്ടവുമാണ്. അതേസമയം റിവ്യു ചെയ്യുന്ന മാധ്യമത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്,’ അഞ്ജലി മേനോന്‍ പറഞ്ഞു.

പിന്നീട് താന്‍ നടത്തിയ പ്രസ്ഥാവനകള്‍ക്ക് വിശദീകരണവുമായി അഞ്ജലി മേനോന്‍ എത്തിയിരുന്നു. പ്രൊഫഷണല്‍ റിവ്യുവിനെ കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും പ്രേക്ഷകരുടെ അഭിപ്രായങ്ങളെയും റിവ്യുകളെയും താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നുമാണ് അഞ്ജലി മേനോന്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു അഞ്ജലി വിശദീകരണ കുറിപ്പ് പങ്കുവെച്ചത്.

content highlight: n.s. madhavan against anjali menon’s statement

We use cookies to give you the best possible experience. Learn more