| Friday, 28th May 2021, 9:47 am

അടൂര്‍ പറഞ്ഞത് തെറ്റ്; മീടു ആരോപണവിധേയനായ വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ എന്‍.എസ് മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മീടു ആരോപണം നേരിടുന്ന ഗാനരചയിതാവ് വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം നല്‍കിയ നടപടിയെ ന്യായീകരിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ രംഗത്ത്. അടൂരിന്റെ നിലപാട് തെറ്റാണെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

‘വൈരമുത്തുവിന്റെ എഴുത്തിനാണ,് സ്വഭാവത്തിനല്ല ഒ.എന്‍.വി അവാര്‍ഡ് കൊടുത്തതെന്ന് അടൂരിന്റെ പ്രസ്താവന തെറ്റാണ്. 2018ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ റദ്ദാക്കിയത് ഒരു മീടു ആരോപണത്തെ തുടര്‍ന്നായിരുന്നു. ജൂറി അംഗങ്ങളില്‍ ഒരാളുടെ ഭര്‍ത്താവിനെതിരെയായിരുന്നു ആ മീടു ആരോപണം. സെന്‍സിറ്റീവായി വേണം കലയോട് ഇടപെടാന്‍,’ എന്‍.എസ് മാധവന്‍ ട്വിറ്ററിലെഴുതി.

ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി മീടു ആരോപണങ്ങള്‍ ഉയര്‍ന്ന ഇദ്ദേഹത്തിനെ വീണ്ടും വീണ്ടും പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപദയും ഇദ്ദേഹത്തിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. നടി റിമ കല്ലിങ്കലും പാര്‍വതിയുമടക്കമുള്ളവര്‍ വൈരമുത്തുവിന് അവാര്‍ഡ് നല്‍കാനുള്ള നീക്കത്തിനെ എതിര്‍ത്തു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് 17ഓളം സ്ത്രീകള്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് റിമ കല്ലിങ്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

എന്നാല്‍ വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്നായിരുന്നു സംവിധായകനും ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ ചെയര്‍മാനുമായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം. എഴുത്തിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്നും അല്ലെങ്കില്‍ പിന്നെ സ്വഭാവഗുണത്തിന് പ്രത്യേക അവാര്‍ഡ് കൊടുക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.

വൈരമുത്തുവിന്റെ എഴുത്തുകള്‍ മികവുള്ളതായത് കൊണ്ടാണ് ജൂറി അദ്ദേഹത്തെ പരിഗണിച്ചത്. പിന്നെ അദ്ദേഹം ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണോ എന്ന് ജൂറിയ്ക്കു അറിയാമോ എന്ന് എനിക്കറിയില്ല. ഇനി അറിഞ്ഞാല്‍ തന്നെയും അദ്ദേഹത്തിന്റെ ക്യാരക്ടര്‍ നോക്കിയിട്ടല്ല അവാര്‍ഡ് നിശ്ചയിക്കേണ്ടത് എന്നാണ് വ്യക്തിപരമായ അഭിപ്രായം.

ഇത് ആരോപണം മാത്രമാണ്. അത് വെരിഫൈ ചെയ്ത് അയാള്‍ ആരോപണ മുക്തനാണോ ആരോപണ വിധേയനാണോ എന്ന് തീരുമാനിക്കാനുള്ള അധികാരമൊന്നും നമുക്കില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

അടൂരിന്റെ പ്രസ്താവനക്കെതിരെ എഴുത്തുകാരി കെ.ആര്‍ മീരയും രംഗത്തുവന്നിരുന്നു. ”ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ഞാന്‍ ആരുമല്ല. പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല. മനുഷ്യത്വമില്ലായ്മയാണ്,’ മീര പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: N S Madhavan against Adoor Gopalakrishnan in ONV Award to Vairamuthu Controversy- MeToo

We use cookies to give you the best possible experience. Learn more