| Thursday, 29th September 2022, 12:26 pm

തല്ലുമാലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്; അടിയും ഇടിയും പാത്തുവുമില്ലാത്ത, ഇതുവരെ ആരും പറയാത്ത സീന്‍ തെരഞ്ഞെടുത്ത് എന്‍.എസ്. മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ടൊവിനോ തോമസ് ചിത്രം തല്ലുമാല തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കിയിരുന്നു. നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറഞ്ഞ ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയത് അടിപിടികള്‍ തന്നെയായിരുന്നു.

തല്ലിലൂടെ നരേറ്റീവ് കെട്ടിപ്പെടുത്ത മുഹ്‌സിന്‍ പരാരിയുടെയും അഷറഫ് ഹംസയുടെയും തിരക്കഥയും പ്രശംസ നേടിയിരുന്നു. ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും പാട്ടുകളും അഭിനേതാക്കളുടെ പെര്‍ഫോമന്‍സുമായിരുന്നു തിയേറ്റര്‍ റിലീസ് സമയത്ത് ഏറെ ചര്‍ച്ചയായത്.

എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസിന് പിന്നാലെ ചിത്രത്തിലെ മറ്റു പരാമര്‍ശങ്ങളും കഥാപാത്രങ്ങളും ഡയലോഗുകളുമെല്ലാം സൂക്ഷ്മ ചര്‍ച്ചക്ക് വിധേയമായി. തല്ലുമാലയിലെ വസീമും വാപ്പയും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതും ഈ സമയത്താണ്.

എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ സിനിമയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗമായി തെരഞ്ഞെടുത്തിരിക്കുന്നതും വസീമും വാപ്പയും വരുന്ന ഒരു കോമ്പിനേഷന്‍ സീനാണ്.

ഗള്‍ഫില്‍ പോയി തിരിച്ചുവരുന്ന വസീം വാപ്പക്കൊപ്പം നടക്കുന്ന രംഗമാണിത്. നരച്ച മുടി എന്താണ് കറുപ്പിക്കാത്തതെന്ന് വാപ്പയോട് വസീം ചോദിക്കുന്നു.

അതിനു മറുപടിയായി വാപ്പ പറയുന്നത് തല അജിത്തിന്റെ മുടിയും നരച്ചാണ് ഇരിക്കുന്നതെന്നും സാള്‍ട്ട് ആന്റ് പെപ്പര്‍ ഇപ്പോഴും സ്‌റ്റൈലാണ് എന്നുമാണ്. തിയേറ്റര്‍ നടത്തിപ്പുകാരന്‍കൂടിയായ വാപ്പയുടെ സിനിമാപ്രേമം വെളിവാക്കുന്ന ഭാഗമായിരുന്നു ഇത്.

‘ഈ തല അജിത്ത് റഫറന്‍സാണ് എന്റെ ഫേവറിറ്റ് സീന്‍’ എന്നാണ് ഈ സീന്‍ പങ്കുവെച്ചുകൊണ്ട് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.

നരച്ച മുടിയെ ഒരു സ്റ്റൈലാക്കി മാറ്റിയത് അജിത്താണെന്നുള്ള നിരവധി കമന്റുകള്‍ ഇതിന് മറുപടിയായി വരുന്നുണ്ട്. പണ്ട് നരച്ച മുടി ഒരു നാണക്കേടായി കണ്ടിരുന്നതില്‍ നിന്നും ആളുകള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നും ഈ കമന്റുകളില്‍ പറയുന്നു.

സിനിമ തനിക്ക് ഏറെ സന്തോഷകരമായ അനുഭവമാണ് സമ്മാനിച്ചതെന്നും എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘എന്തൊരു ആനന്ദം നല്‍കുന്ന ചിത്രമാണ് തല്ലുമാല. തമാശയും സോഷ്യല്‍ മീഡിയയും അടിപിടിയും (ശരാശരി 7 മിനിട്ടില്‍ ഒരു തല്ല്) പിന്നെ ജീവിതത്തിന്റെ ആര്‍മാദവും. ഴോണറൊന്നും ഇവിടെ ഒരു വിഷയമേയല്ല. ഇങ്ങനെയൊരു ചിരി ഉത്സവം നല്‍കിയതിന് ടൊവിനോക്കും കല്യാണിക്കും ഷൈന്‍ ടോമിനും അങ്ങനെ എല്ലാവര്‍ക്കും ഒരുപാട് നന്ദി,’ എന്‍.എസ്. മാധവന്റെ ട്വീറ്റില്‍ പറയുന്നു.

ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച തല്ലുമാല ഓഗസ്റ്റ് 12നാണ് തിയേറ്ററുകളിലെത്തിയത്. മണവാളന്‍ വസീമെന്ന പ്രധാന കഥാപാത്രമായി എത്തിയ ടൊവിനോ തോമസും, മറ്റു പ്രധാന വേഷങ്ങളിലെത്തിയ ലുക്മാന്‍ അവറാന്‍, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

ജിംഷി ഖാലിദിന്റെ ക്യാമറയും നിഷാദ് യൂസുഫിന്റെ എഡിറ്റിങ്ങും വിഷ്ണു വിജയ്‌യുടെ സംഗീതവും തരംഗം സൃഷ്ടിച്ചിരുന്നു.

Content Highlight: N S Madhavan about his favourite scene from Thallumala

We use cookies to give you the best possible experience. Learn more