ന്യൂദല്‍ഹി: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാഞ്ചിനെ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ നിന്നും അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ ചിന്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംയുക്ത പ്രസ്താവന.
ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍. റാം, എഴുത്തുകാരി അരുന്ധതി റോയ്, മുന്‍ അഡീഷണല്‍ ജനറല്‍ ഇന്ദിര ജയ്‌സിംങ്, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി, മാധ്യമപ്രവര്‍ത്തകന്‍ പി.സായ്‌നാഥ്, ചരിത്രക്കാരന്‍ റൊമീല ഥാപ്പര്‍ തുടങ്ങിയവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ജൂലിയന്‍ അസ്സാഞ്ചനിന്റെ അറസ്റ്റ് ചെയ്ത് യു.എസിന് നല്‍കാനുള്ള തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ആഗോളതലത്തില്‍ വിക്കിലിക്‌സ് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും വിക്കിലിക്‌സ് ഇല്ലാതായാല്‍ ഇത്തരത്തിലുള്ള ഒരു സ്രോതസിന്റെ അവസാനമായിരിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
വിക്കിലിക്‌സും അതിന്റെ എഡിറ്റര്‍ ഇന്‍ ചീഫും അവരുടെ മാധ്യമപ്രവര്‍ത്തനം മൂലം വേറിട്ട് നില്‍ക്കുന്നുണ്ട്. പക്ഷേ ലോകമെമ്പാടുമുള്ള അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെയാണത്. പക്ഷേ എല്ലാപ്പോഴും അത് സൂക്ഷമതയുള്ളതും സത്യസന്ധമായതും കൃത്യമാര്‍ന്നതുമാണ്.
അമേരിക്കയുടെ രഹസ്യങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതാണ് അസ്സാഞ്ചിനെതിരായ കുറ്റമെങ്കില്‍ ന്യൂയോര്‍ക്ക് ടൈംസിനെതിരെ പെന്റഗണ്‍ പേപ്പേഴ്‌സ് പ്രസിദ്ധീകരിച്ചതിനെതിരെ നല്‍കിയ കേസില്‍ നിന്ന് വിഭിന്നമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
നിയമപരമായി അല്ലാതെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനുള്ള അവകാശവും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നും ഇല്ലെങ്കില്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് അധികാരസ്ഥാപനങ്ങള്‍ക്ക് എതിരെ സത്യം പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
‘അസ്സാഞ്ചിനെ ഉടനടി സ്വതന്ത്രമാക്കണമെന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ അധികാരികള്‍ ഉടന്‍ സ്വീകരിക്കണമെന്നും സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഇത്തരം നടപടികള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകരുടെയും വായനക്കാരുടെയും ശബ്ദം ഉയരണമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്ന അസാഞ്ചെയെ വ്യാഴാഴ്ച ബ്രിട്ടീഷ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
യു.എസിനു തന്നെ കൈമാറുമെന്ന ഭയത്താല്‍ 2012 മുതല്‍ അസാഞ്ചെ എംബസിയിലാണു കഴിഞ്ഞിരുന്നത്. എംബസിയില്‍ വെച്ചാണ് മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍ അസാഞ്ചെയെ അറസ്റ്റ് ചെയ്തത്.
അസാഞ്ചെയുടെ രാഷ്ട്രീയാഭയം പിന്‍വലിച്ചുകൊണ്ടുള്ള ഇക്വഡോര്‍ സര്‍ക്കാരിന്റെ ഉത്തരവിനെത്തുടര്‍ന്ന് എംബസി അംബാസഡറാണ് അസാഞ്ചെയെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസിനെ വിളിച്ചുവരുത്തിയത്.
ലൈംഗികാരോപണക്കേസില്‍ താന്‍ അറസ്റ്റിലാകുമോ എന്നു ഭയന്നാണ് ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ 2012-ല്‍ അസാഞ്ചെ രാഷ്ട്രീയാഭയം തേടുന്നത്. പിന്നീട് ആ കേസില്‍ അന്വേഷണം അവസാനിപ്പിച്ചെങ്കിലും യു.എസിന്റെ ഔദ്യോഗികരേഖകള്‍ പുറത്തുവിട്ട കേസില്‍ തന്നെ യു.എസിനു കൈമാറുമോ എന്ന ആശങ്ക അസാഞ്ചെയ്ക്കുണ്ടായിരുന്നു.
യു.എസിന്റെ സൈനികരഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അസാഞ്ചെയെ തങ്ങള്‍ക്കു കൈമാറണമെന്നു നാളുകളായി യു.എസ് ആവശ്യപ്പെടുന്നുണ്ട്.
ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതാണ് ആ രാജ്യവുമായുള്ള ബന്ധം വഷളാകുന്നത്. തുടര്‍ന്നാണ് രാഷ്ട്രീയാഭയത്തിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നു കാട്ടി അതു റദ്ദാക്കുന്നത്.
പീഡനം അനുഭവിക്കേണ്ടി വരികയോ വധശിക്ഷ ലഭിക്കേണ്ടി വരികയോ ചെയ്യുന്ന രാജ്യത്തേക്ക് അസാഞ്ചെയെ കൈമാറില്ലെന്ന് ഉറപ്പുനല്‍കണമെന്ന് മൊറേനോ നേരത്തേ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു.
അസാഞ്ചെയ്ക്കെതിരേ സ്വീഡനില്‍ നടക്കുന്ന ലൈംഗികാരോപണക്കേസില്‍ ശിക്ഷിക്കപ്പെടുമോ എന്നു ഭയന്നാണ് അസാഞ്ചെ സ്വീഡനില്‍നിന്ന് ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടിയത്. എന്നാല്‍ യു.എസിന്റെ ഔദ്യോഗികരേഖകള്‍ പുറത്തുവിട്ട കേസില്‍ തന്നെ യു.എസിനു കൈമാറുമോയെന്ന ഭീഷണിയിലായിരുന്നു അസാഞ്ചെ ഇത്രനാളും. യു.എസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.
അസാഞ്ചെയ്ക്കെതിരായ ലൈംഗികാരോപണത്തില്‍ സ്വീഡനില്‍ നടക്കുന്ന കേസില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. 16 മാസത്തോളമായി നടന്നുവരുന്ന കേസ് കോടതി പലതവണ തള്ളിയെങ്കിലും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
അന്താരാഷ്ട്ര നിയമം ലംഘിച്ചുകൊണ്ടാണ് അസാഞ്ചെയുടെ രാഷ്ട്രീയാഭയം ഇക്വഡോര്‍ റദ്ദാക്കിയതെന്ന് വിക്കിലീക്സ് ആരോപിച്ചു.2010-ല്‍ യു.എസിന്റെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ ഒട്ടേറെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ അസാഞ്ചെ ആഗോളതലത്തില്‍ പ്രശസ്തനാകുന്നത്.
വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങളിലൂടെയും സ്വന്തം വെബ്സൈറ്റിലൂടെയും ഒരുകോടിയിലേറെ രേഖകള്‍ അസാഞ്ചെ പ്രസിദ്ധീകരിച്ചു. 2006-ല്‍ തുടങ്ങിയ വിക്കിലീക്സ് പലതവണ നിരോധിച്ചെങ്കിലും പല ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
അതേസമയം അസാഞ്ചിന്റെ പേരില്‍ 2010 ഓഗസ്റ്റിലാണു യുവതി ലൈംഗികാരോപണമുന്നയിച്ചത്. സ്വീഡനിലെ സ്റ്റോക്ഹോമില്‍ നടന്ന വിക്കിലീക്സ് സമ്മേളനത്തിന് ഏതാനും ദിവസം മുമ്പ് അസാഞ്ചെ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം അസാഞ്ചെ നിഷേധിച്ചിരുന്നു.
2012-ലാണ് അസാഞ്ചെയുടെ പേരില്‍ സ്വീഡന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2012 ജൂണ്‍ 29-നു കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു ഇത്.
2016 നവംബറില്‍ സ്വീഡിഷ് കുറ്റാന്വേഷകര്‍ ഇക്വഡോര്‍ എംബസിയിലെത്തി അസാഞ്ചിനെ ചോദ്യംചെയ്തെങ്കിലും കേസില്‍ പുരോഗതിയുണ്ടായില്ല. കേസിന്റെ നിയമസാധുത 2020 ആഗസ്റ്റിലാണ് അവസാനിക്കുക.
ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറേനോയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതാണ് ആ രാജ്യവുമായുള്ള അസാഞ്ചെയുടെ ബന്ധം വഷളാകുന്നത്. രാഷ്ട്രീയാഭയത്തിന്റെ മാനദണ്ഡങ്ങള്‍ അസാഞ്ചെ ലംഘിച്ചെന്ന് മൊറേനോ തന്നെ ആരോപിച്ചിരുന്നു.
പീഡനം അനുഭവിക്കേണ്ടി വരികയോ വധശിക്ഷ ലഭിക്കേണ്ടി വരികയോ ചെയ്യുന്ന രാജ്യത്തേക്ക് അസാഞ്ചെയെ കൈമാറില്ലെന്ന് ഉറപ്പുനല്‍കണമെന്ന് മൊറേനോ നേരത്തേ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ നിയമപ്രകാരം ഇക്കാര്യങ്ങള്‍ അംഗീകരിച്ചതായി മൊറേനോ വ്യക്തമാക്കി.
കഴിഞ്ഞദിവസം തന്നെ സ്വതന്ത്രനായി ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസാഞ്ചെ രംഗത്തെത്തിയിരുന്നു. സ്വീഡിഷ്, ബ്രിട്ടീഷ് അധികാരികളോടു സ്വാതന്ത്ര്യം തിരിച്ചുതരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.
അസാഞ്ചെയെ സ്വതന്ത്രനാക്കണമെന്നു കഴിഞ്ഞവര്‍ഷം യു.എന്‍ നിയമകാര്യസമിതി ഉത്തരവിട്ടിരുന്നു. ബ്രിട്ടന്റെ വിദേശകാര്യ ഓഫീസ് അസാഞ്ചെയ്ക്കെതിരായ ആരോപണങ്ങളില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താതിരുന്നതിനെത്തുടര്‍ന്നായിരുന്നു അത്.കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ യു.എന്നിന്റെ വര്‍ക്കിങ് ഗ്രൂപ്പ് അസാഞ്ചെയെ ബ്രിട്ടനും സ്വീഡനും അനിയന്ത്രിതമായി തടവില്‍ വെയ്ക്കുകയാണെന്നു കണ്ടെത്തിയിരുന്നു.
DoolNews Video