ന്യൂദല്‍ഹി: പെഗാസസ് വിവദാത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ പ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവരാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
പെഗാസസ് എന്ന ഇസ്രഈലി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന സംഭവത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ കേസ് അന്വേഷിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പെഗാസസ് വിവാദത്തില്‍ കേന്ദ്രസര്‍ക്കര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതിനോട് മുഖം തിരിക്കുകയായിരുന്നു.
സര്‍ക്കാരോ സര്‍ക്കാര്‍ നിയോഗിച്ച് ഏതെങ്കിലും ഏജന്‍സിയോ പെഗാസസ് വാങ്ങിയോ, പൗരന്മാരുടെ നിര്‍ണായകമായ വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന് അന്വേഷിക്കണമെന്നാണ് പ്രധാനമായും ഹരജിയില്‍ പറയുന്നത്.
വിവരങ്ങള്‍ ചോര്‍ത്തിയെങ്കില്‍ എന്ത് ലക്ഷ്യം വെച്ചുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് വ്യക്തമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
പൗരന്മാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണിതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളും പെഗാസസ് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.