| Saturday, 7th October 2023, 8:59 am

രാജ്യതാത്പര്യത്തിന്റെ മറ്റൊരു പേരായി മോദിയെ കൊണ്ടുവരുന്നു; ഏജന്‍സികള്‍ കേന്ദ്രത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും എന്‍. റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ നിയമസംവിധാനത്തിന് നിരക്കാത്ത നടപടികളാണ് ന്യൂസിക്ലിക്കിന് മേല്‍ ദല്‍ഹി പൊലീസ് സ്വീകരിക്കുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദുവിന്റെ മുന്‍ എഡിറ്ററുമായ എന്‍. റാം. കേന്ദ്ര സര്‍ക്കാറിന് വേണ്ടിയാണ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെവില്‍ റോയ് സിങ്കാമില്‍ നിന്നും ഇന്ത്യയുടെ ദേശീയ സുരക്ഷയെ അട്ടിമറിക്കുന്നതിനായി ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ടിങ് ലഭിച്ചുവെന്ന ആരോപണത്തെ എന്‍. റാം പൂര്‍ണമായും തള്ളിക്കളഞ്ഞു. സിങ്കാമിനെ തനിക്ക് അറിയാമെന്നും അദ്ദേഹം ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ചൈനീസ് പണത്തിനോ പ്രൊപ്പഗാണ്ടക്കോ വേണ്ടി ഒരു തരത്തിലും പ്രവര്‍ത്തിക്കില്ലെന്നും എന്‍. റാം പറഞ്ഞു.

സിങ്കാമുമായി ന്യൂസ്‌ക്ലിക്കിന് ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ ന്യൂയോര്‍ക് ടൈംസിനെയും അദ്ദേഹം വിമര്‍ശിച്ചു. ഇത് തീര്‍ത്തും നിരുത്തരവാദിത്തപരമായ പത്രപ്രവര്‍ത്തനമാണെന്നാണ് റാം പറഞ്ഞത്.

നെവില്‍ റോയ് സിങ്കാമിനെ തനിക്ക് നന്നായി അറിയാമെന്നും എന്‍. റാം അഭിമുഖത്തില്‍ പറഞ്ഞു. ദി ഗാര്‍ഡിയന് വേണ്ടി ചെയ്ത മികച്ച ചില സ്‌റ്റോറികളെ കുറിച്ചും അദ്ദേഹം എങ്ങനെയാണ് പണം സമ്പാദിച്ചത് എന്നതിനെ കുറിച്ചും റാം കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാരിന്റെ മാധ്യമപ്രവര്‍ത്തകരോടുള്ള പെരുമാറ്റം അടിയന്തരാവസ്ഥാ കാലത്തിന് സമാനമാണെന്ന് പറയാന്‍ ഇത്രയും നാള്‍ മടി കാണിച്ചിരുന്നുവെന്ന് പറഞ്ഞ റാം അടിയന്തരാവസ്ഥക്ക് സമാനമാണ് ഇപ്പോഴുള്ള അവസ്ഥയെന്നും പറയുന്നു.

‘രാജ്യതാത്പര്യത്തിന്റെ മറ്റൊരു പേരായി മോദി സര്‍ക്കാരിനെ അവര്‍ കൊണ്ടുവരികയാണ്. അടിയന്തരാവസ്ഥയിലെ ‘ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ’ അവകാശവാദത്തിന് സമാനമാണിത്.

ന്യൂസ്‌ക്ലിക്കിന് സംഭാവന നല്‍കിയ അമേരിക്കന്‍ പൗരന്‍ നെവില്‍ റോയ് സിങ്കാം ചൈനയുടെ ഇടനിലക്കാരനാണെന്ന് പറയുന്നത് അസംബന്ധമാണ്. മികച്ച സംരംഭകനായ അദ്ദേഹം ഇടതുപക്ഷക്കാരനാണ്. അദ്ദേഹത്തെ വളരെ നന്നായി അറിയാം.

ബിസിനസില്‍ നിന്ന് ലഭിച്ച പണമാണ് അദ്ദേഹം ലോകത്തെ പല സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചത്. ഇതില്‍ ചെറിയ വിഹിതം ന്യൂസ്‌ക്ലിക്കിനും ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. റിസര്‍വ് ബാങ്ക് അനുമതിയോടെയാണ് സ്ഥാപനം പണം സ്വീകരിച്ചത്. ഇക്കാര്യം ആദായനികുതി വകുപ്പിനെയും ദല്‍ഹി ഹൈക്കോടതിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്,’ എന്‍. റാം പറഞ്ഞു.

ന്യൂസിക്ലിക്കിനെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടിയില്‍ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടന്ന പ്രതിഷേധത്തില്‍ പ്രമുഖ പത്രങ്ങളുടെയോ വാര്‍ത്താ ചാനലുകളുടെയോ എഡിറ്റര്‍മാര്‍ ആരും തന്നെ പങ്കെടുക്കാതിരുന്നത് സങ്കടകരമായ വസ്തുതയാണെന്നും എന്‍. റാം കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ നിന്ന് ധനസഹായം സ്വീകരിച്ചു എന്ന് ആരോപിച്ച് ന്യൂസ്‌ക്ലിക്ക് ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും നേരത്തെ റെയ്ഡ് നടന്നിരുന്നു. ന്യൂസ്‌ക്ലിക്കിലെ മുന്‍ ജീവനക്കാരിയായ അനുഷ പോളിന്റെ കേരളത്തിലെ വീട്ടിലും കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.

ദല്‍ഹി, ഗുരുഗ്രാം, നോയ്ഡ, ഗാസിയാബാദ്, മുംബൈ എന്നിവിടങ്ങളിലായി 46 മാധ്യമപ്രവര്‍ത്തകരുടെ വീടും ഓഫീസുമാണ് 200ഓളം പൊലീസുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് ചെയ്തത്.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും റെയ്ഡ് നടന്നിരുന്നു. ന്യൂസ്‌ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കാരണമാണ് യെച്ചൂരിക്ക് ദല്‍ഹിയില്‍ സര്‍ക്കാര്‍ നല്‍കിയ വസതിയില്‍ റെയ്ഡ് നടന്നിരുന്നത്.

കേസുമായി ബന്ധപ്പെട്ട് ന്യൂസ്‌ക്ലിക്കിനെതിരെ ദല്‍ഹി പൊലീസ് യു.എ.പി.എ ചുമത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Content Highlight: N Ram about the action of central agencies against Newsclick.

We use cookies to give you the best possible experience. Learn more