എടാ കൃഷ്ണാ അവരെന്നെ കൊന്നു; ദളിത് യുവാവിന്റെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കളക്ടര്‍ ബ്രോ
Kerala
എടാ കൃഷ്ണാ അവരെന്നെ കൊന്നു; ദളിത് യുവാവിന്റെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കളക്ടര്‍ ബ്രോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th July 2017, 4:32 pm

തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 19 വയസുകാരനായ ദളിത് യുവാവിന്റെ മരണത്തെ പ്രതീകാത്മകമായി ചിത്രീകരിച്ച് പ്രശാന്ത് നായര്‍ ഐ.പി.എസ്.

എടാ കൃഷ്ണാ അവരെന്നെ കൊന്നു എന്ന വിനായകന്റെ പടം വെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് പ്രശാന്ത് നായര്‍ ഷെയര്‍ ചെയ്തത്.

ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്റെ ന്യായീകരണം.


Dont Miss  പല മെഡിക്കല്‍ കോളേജുകളും കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നത്; ജൂലൈ 17 ന് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്


വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് “തെളിവായി” പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

വിനായകന്‍ ആത്മഹത്യ ചെയ്തത് ചെയ്യാത്ത കുറ്റത്തിനേറ്റ ക്രൂരപീഡനത്തില്‍ മനംനൊന്താണെന്നാണ് ഒപ്പം കസ്റ്റഡിയിലായ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

മനസാക്ഷിയെ മടുപ്പിക്കുന്ന മര്‍ദ്ദനമാണ് വിനായകന് നേരിടേണ്ടി വന്നതെന്ന് സുഹൃത്ത് ശരത്തും സി.പി.ഐ.എം ഏരിയ സെക്രട്ടറി സുല്‍ത്താനും പറഞ്ഞിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം പ്രദേശത്തെ സി.പി.ഐ.എം ഏരിയ സെക്രട്ടറിയോട് തനിക്ക് സ്റ്റേഷനിലേറ്റ പൈശാചിക പീഡനത്തിന്റെ വിവരങ്ങള്‍ മരിക്കുന്നതിന് തലേദിവസം വിനായകന്‍ വെളിപ്പെടുത്തിയിരുന്നു.

മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും കുനിച്ച് നിര്‍ത്തി ഇടിച്ചുമാണ് പോലീസ് വിനായകിനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്.

വിനായകനെയും ശരത്തിനെയുംഒരുമിച്ചാണ് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങി. 19 കാരനായ വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്‌റ്റൈല്‍ തുടങ്ങിയവയായിരുന്നു പൊലീസിനെ പ്രകോപിച്ചത്.
ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്നാണ് ശരത് പറയുന്നത്.

നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും ശരത് പറയുന്നു.

വിനായകനെ കാണുമ്പോള്‍ അവന്റെ ശരീരം ചതവു മൂലം നീരു വെച്ചിരുന്നതായി സി.പി.ഐ.എം ഏരിയ സെക്രട്ടറി സുല്‍ത്താന്‍ പറഞ്ഞു. വിനായകനും ശരത്തും കൂടിയാണ് തന്നെ കാണാന്‍ വന്നത്. പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് ഇരുവരും വിശദമായി തന്നെ പറഞ്ഞു.
ആശുപത്രിയില്‍ പോകാനും പൊലീസിനെതിരെ പരാതി നല്‍കണമെന്നും വിനായകനോട് ആവശ്യപ്പെട്ടിരുന്നു വിനായകന്‍ മരിച്ച ശേഷം മൃതദേഹ പരിശോധനയ്ക്ക് വന്ന എസ്.ഐയുയും പൊലീസുകാരനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. ആര്‍.ഡി.ഓയും ഉന്നത പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മൃതദേഹം തുടര്‍നടപടികള്‍ക്ക് വിട്ടുകൊടുക്കാന്‍ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചത്. വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ശരത് തൃശൂര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വിനായകനെതിരെയുള്ള പോലീസ് അക്രമത്തില്‍ വി.ടി ബലറാം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
“വിനായകന്റെ വീട്ടിലേക്ക് പോകുന്നു കറുത്തവന്റെ ചോര ദാഹിക്കുന്ന പൈശാചികപ്പോലീസിനെ നിലക്കുനിര്‍ത്തുക. കാക്കിയിട്ട കൊലപാതകികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നായിരുന്നു പോസ്റ്റ്.