ഒടുവില്‍ കലക്ടര്‍ ബ്രോ എം.കെ രാഘവന്‍ എം.പിയോട് മാപ്പു പറഞ്ഞു
Daily News
ഒടുവില്‍ കലക്ടര്‍ ബ്രോ എം.കെ രാഘവന്‍ എം.പിയോട് മാപ്പു പറഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th July 2016, 7:50 am

prasanth
കോഴിക്കോട്: എം.കെ രാഘവന്‍ എം.പിയുമായുള്ള തര്‍ക്കത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് മാപ്പ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ മാപ്പ് പറഞ്ഞത്. എല്ലാറ്റിനും നിരുപാധികം ക്ഷമചോദിക്കുന്നതായി കലക്ടര്‍ പറഞ്ഞു. എം.പിയെ അപമാനിക്കാന്‍ താന്‍ ആളല്ലെന്നും എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ടെന്നും പോസ്റ്റില്‍ കലക്ടര്‍ പറഞ്ഞു.  വ്യക്തിപരമായ പ്രശ്‌നം വ്യക്തിപരമായി തന്നെ പറഞ്ഞ് തീര്‍ക്കണമെന്നും തങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും പലരും ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു.

അതേ സമയം കലക്ടര്‍ തെറ്റു തിരുത്താന്‍ തയ്യാറായെങ്കില്‍ നല്ലകാര്യമെന്ന് എം.പി എം.കെ. രാഘവന്‍ പ്രതികരിച്ചു. “”കളക്ടറോട് എനിക്ക് യാതൊരു വ്യക്തിവിരോധവുമില്ല.
ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയിലാണ് അവര്‍ക്കുവേണ്ടിയാണ് ഞാന്‍ സംസാരിച്ചത്.”” കോഴിക്കോട്ടെ ജനങ്ങളും കളക്ടറുടെ നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് എം.കെ രാഘവന്‍ പറഞ്ഞു.

തന്റെ എം.പി ഫണ്ട്് വിനിയോഗിക്കുന്നതില്‍ കലക്ടര്‍ തടസം നില്‍ക്കുകയാണെന്ന് എം.കെ രാഘവന്‍ ആരോപിച്ചിരുന്നു. സോഷ്യല്‍ മീഡിയയും പിആര്‍ഡിയും ഉപയോഗിച്ച് കളക്ടര്‍ അവാസ്തവ പ്രസ്താവന നടത്തുന്നുവെന്നും കലക്ടര്‍ മാപ്പ് പറയണമെന്നും എം.പി ആവശ്യപ്പെട്ടിരുന്നു. ഇതിനോട് കുന്നം കുളത്തിന്റെ മാപ്പ് ഫേസ്ബുക്ക് പേജിലിട്ടാണ് കലക്ടര്‍ പ്രതികരിച്ചിരുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇത് എന്റെ സ്വകാര്യ ഫേസ്ബുക്ക് പേജാണ്. മറ്റേതൊരു പൗരനേയും പോലെ, ഒരു ശരാശരി മലയാളിയെ പോലെ, ഞാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിക്കുകയും, പല കാര്യങ്ങളും പങ്കു വെക്കുകയും, ചളി അടിക്കുകയും ഒക്കെ ചെയ്യുന്ന ഇടം.

ബഹു. കോഴിക്കോട് എം.പി. ശ്രീ.എം.കെ. രാഘവനുമായി വ്യക്തിപരമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇത്രയും വഷളായതില്‍ വിഷമമുണ്ട്. വ്യക്തിപരമായ പ്രശ്‌നം വ്യക്തിപരമായി തന്നെ പറഞ്ഞ് തീര്‍ക്കണം എന്നുമുണ്ട്. തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും വളര്‍ത്താനും ഇടയില്‍ പലരും ഉണ്ട് എന്നും ഞാന്‍ മനസ്സിലാക്കുന്നു.

ബഹു. എം.പി.യെ അപമാനിക്കാന്‍ ഞാന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള ബഹു. എം. പി.യോട് അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല.

ഇന്ന് അദ്ദേഹം എന്നെ അപക്വമതിയെന്നും, അവിവേകിയെന്നും, അധാര്‍മ്മികനെന്നും ഒക്കെ വിളിച്ചതായി കേട്ടു. ഇത്രയും കടുത്ത വാക്കുകള്‍ പറയണമെങ്കില്‍ അദ്ദേഹത്തിന് എന്നോട് എന്ത് മാത്രം ദേഷ്യം തോന്നിക്കാണും. അതിന് ഞാന്‍ തന്നെയാണ് പൂര്‍ണ്ണമായും ഉത്തരവാദി എന്ന് പറയാന്‍ എനിക്ക് മടിയില്ല.

ചില കാര്യങ്ങളില്‍, ചില സന്ദര്‍ഭങ്ങളില്‍ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട് എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന് വിഷമം തോന്നിച്ച, എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു.

ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങള്‍ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് എന്റെ വിശ്വാസം, കോഴിക്കോടിന് വേണ്ടി.