സിനിമാ പ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം. നിരവധി പ്രതിസന്ധികള്‍ക്കൊടുവിലാണ് സിനിമയിപ്പോള്‍ തിയേറ്ററിലെത്തുന്നത്. സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിന്‍ പോളി.
തുറമുഖത്തില്‍ താന്‍ പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്നും നായക സ്ഥാനത്ത് വരുന്നത് നടന്‍ അര്‍ജുന്‍ അശോകനാണെന്നും സിനിമയുടെ റിലീസിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റില്‍ നിവിന്‍ പോളി പറഞ്ഞു. ഈ സിനിമ തനിക്ക് വ്യത്യസ്തമായ ഒരു അനുഭവമാണെന്നും ബാക്കിയെല്ലാം പ്രേക്ഷകര്‍ പറയട്ടെ എന്നും താരം പറഞ്ഞു.
‘നായകന്‍ എന്നതിലുപരി ഞാന്‍ ഈ സിനിമയില്‍ ഒരു പ്രതിനായക വേഷമാണ് ചെയ്യുന്നത്. ശരിക്കും സിനിമയില്‍ നായക കഥാപാത്രമായി വരുന്നത് അര്‍ജുനാണ്. ആ രീതിയില്‍ ചിന്തിക്കുമ്പോള്‍ ഈ സിനിമ എനിക്ക് മറ്റൊരു അനുഭവമായിരുന്നു. ബാക്കിയൊക്കെ പ്രേക്ഷകര്‍ പറയട്ടെ,’ നിവിന്‍ പോളി പറഞ്ഞു.
മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചത്. അതിനെ കുറിച്ചും പ്രസ് മീറ്റില്‍ നിവിന്‍ സംസാരിച്ചു. ഒരു മലയാള സിനിമക്ക് താങ്ങാന്‍ പറ്റുന്ന ബഡ്ജറ്റില്‍ ചെയ്ത സിനിമയാണ് തുറമുഖമെന്നും ഇത്രയും വലിയ ഫിനാന്‍ഷ്യല്‍ പ്രശ്നങ്ങളിലേക്ക് ചിത്രത്തെ വലിച്ചിഴക്കേണ്ടതില്ലെന്നും നിവിന്‍ പോളി പറഞ്ഞു. തുറമുഖത്തിന്റെ പ്രസ് മീറ്റിലാണ് നിവിന്‍ പോളി നിര്‍മാതാവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
”തുറമുഖം ഇത്രയധികം പ്രശ്നത്തിലേക്ക് പോവേണ്ട ഒരു സിനിമയല്ല. ഇതൊരു മുപ്പത്, നാല്‍പ്പത്, നൂറ് കോടിയുടെയൊന്നും പടമല്ല. ഒരു മലയാള സിനിമക്ക് താങ്ങാന്‍ പറ്റുന്ന ബഡ്ജറ്റില്‍ ചെയ്തൊരു സിനിമയാണ്. ഇത്രയും ഒരു ഫിനാന്‍ഷ്യല്‍ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണ്.
ഒരു നടനെന്ന നിലയില്‍ ഞാനും മറ്റ് ആക്ടേര്‍സും പൂര്‍ണമായും സിനിമക്ക് വേണ്ടി സഹകരിച്ചിട്ടുണ്ട്. ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഇത്രയും വലിയൊരു സിനിമ ഏല്‍പ്പിക്കുമ്പോള്‍ അതിനോടുള്ള മാന്യത അദ്ദേഹം പുലര്‍ത്തേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു സഹകരണം ഉണ്ടായിട്ടില്ല,’ നിവിന്‍ പറഞ്ഞു.
content highlight: nivin pauly about arjun ashokan’s character in thuramukaham movie