എന്‍.എന്‍.കൃഷ്ണദാസിന്റെ ഇറച്ചിപട്ടി പരാമര്‍ശം; മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
Kerala News
എന്‍.എന്‍.കൃഷ്ണദാസിന്റെ ഇറച്ചിപട്ടി പരാമര്‍ശം; മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2024, 10:15 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ഇറച്ചിപ്പട്ടികളുമായി ഉപമിച്ച സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എന്‍.എന്‍ കൃഷണദാസ് മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സി.പി.ഐ.എം നേതാവിന്റെ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞ യൂണിയന്‍ അദ്ദേഹത്തിന്റെ പെരുമാറ്റം നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമാണെന്നും വിമര്‍ശിച്ചു. അതിനാല്‍ പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അറിയിച്ചു. കെ.യു.ഡബ്ല്യു.ജെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച ഹീനമായ പ്രസ്താവന പിന്‍വലിച്ച് കൃഷ്ണദാസ് മാപ്പു പറയാന്‍ തയ്യാറാകണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

മുതിര്‍ന്ന ഒരു നേതാവിന് യോജിക്കുന്ന മാന്യതയും സഭ്യതയും അദ്ദേഹത്തില്‍ നിന്നുണ്ടാകാതിരുന്നത് അത്യന്തം നിരാശാജനകമാണെന്ന് സംഘടന പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും വാര്‍ത്തകള്‍ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്നും അത്തരം സമയത്ത് കല്ലുകടികള്‍ ഉണ്ടാകുമ്പോള്‍ അത് സ്വഭാവികമായും വാര്‍ത്തയായി മാറുമെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ സ്വതന്ത്ര്യത്തിന് വേണ്ടിയും സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ആവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ക്കെതിരെ ചോദ്യങ്ങളും പരാമര്‍ശങ്ങളും ഉയരുമ്പോഴാണ് ഇത്തരത്തില്‍ അരിശംകൊണ്ട് നിലവിട്ട് പെരുമാറുന്നതെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു. അതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയ എന്‍.എന്‍ കൃഷ്ണദാസ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെ.യു.ഡബ്ല്യു.ജെ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നുണ്ട്.

സി.പി.ഐ.എം വിട്ടതായി പ്രഖ്യാപിച്ച മുന്‍ ഏരിയ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതിനിടെ ഷുക്കൂറിനോട് സംസാരിക്കാന്‍ ശ്രമിച്ച് മാധ്യമപ്രവര്‍ത്തകരോടാണ് എന്‍.എന്‍.കൃഷ്ണദാസ് മോശമായി പെരുമാറിയത്.

ഷുക്കൂറിനോട് ചോദ്യം ചോദിച്ചത് തടഞ്ഞ കൃഷ്ണദാസ് ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്നതിന് പകരം അത്യന്തം പ്രകോപിതനായി ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ മാധ്യമപ്രവര്‍ത്തകര്‍ പോയി നില്‍ക്കുന്നതെന്ന് അവിടെക്കൂടി നിന്ന മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെയൊന്നും പറയേണ്ട കാര്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ തന്നെ പറയുമെന്നായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചത്. എന്നാല്‍ അങ്ങനെയൊന്നും പറയേണ്ടെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ വിലക്കിയിട്ടും എന്‍.എന്‍ കൃഷണദാസ് മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

Content Highlight: N.N Krishnadas’s statement about media; Kerala Union Of Working Journalist  wants to apologize