കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി.
വയനാട് പ്രിനിസിപ്പല്‍ സെഷന്‍ കോടതിയാണ് അറസ്റ്റ് തടഞ്ഞത്. ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്.
ഡിസംബര്‍ 15 വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.
ഐ.സി. ബാലകൃഷ്ണന്‍ ഒളിവിലല്ലെന്നും അന്വേഷണമായി സഹകരിക്കുന്നുണ്ടെന്നും എം.എല്‍.എയുടെ അഭിഭാഷകന്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി എം.എൽ.എയ്ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
നേരത്തെ നേതാക്കള്‍ ജില്ല വിട്ടതായി സൂചന നല്‍കിയിരുന്നു. നിലവില്‍ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായ നിലയിലാണ്.
കഴിഞ്ഞ ദിവസമാണ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഐ.സി. ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളെ കേസില്‍ പ്രതി ചേര്‍ത്തത്.
എം.എല്‍.എയ്ക്ക് പുറമെ വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, കെ.കെ. ഗോപിനാഥന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവരില്‍ പി.വി. ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേരുകയും അടുത്തിടെ മരിക്കുകയും ചെയ്തിരുന്നു.
നിലവില്‍ മറ്റു മൂന്ന് നേതാക്കള്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ല. എന്‍.എം. വിജയന്റെ മരണത്തെ തുടര്‍ന്ന് പുറത്തുവന്ന ആത്മഹത്യ കുറിപ്പ് അദ്ദേഹം തന്നെ എഴുതിയതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന പശ്ചാത്തലത്തിലാണ് എം.എല്‍.എയെ കേസില്‍ പ്രതി ചേര്‍ത്തത്.
ആത്മഹത്യ കുറിപ്പില്‍ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ എന്‍.എം. വിജയന്‍ പറയുന്നുണ്ട്. ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്നും പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ എഴുതിയിരുന്നു.
എന്‍.എം. വിജയന്റെ ആത്മഹത്യ കേസില്‍ ഐ.സി. ബാലകൃഷ്ണനാണ് ഒന്നാം പ്രതി. എന്‍.ഡി. അപ്പച്ചന്‍ രണ്ടും കെ.കെ. ഗോപിനാഥന്‍ മൂന്നാം പ്രതിയുമാണ്.
Content Highlight: N.M. Vijayan’s suicide case; The court stopped the arrest of the accused