| Wednesday, 8th January 2025, 3:12 pm

എന്‍.എം. വിജയന്റെ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കും; കെ.പി.സി.സി ഉപസമിതി ഉറപ്പ് നല്‍കിയതായി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ സാമ്പത്തിക ബാധ്യത കെ.പിസി.സി ഉപസമിതി ഏറ്റെടുക്കുമെന്ന് അറിയിച്ചതായി കുടുംബം.

പാര്‍ട്ടി ഭാരവാഹികള്‍ എന്‍.എം. വിജയന്റെ വീട് സന്ദര്‍ശിച്ച വേളയിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് കുടുംബം പ്രതികരിച്ചു. കെ.പി.സി.സി അംഗങ്ങളുമായി സംസാരിച്ചെന്നും അവര്‍ കൂടെ നില്‍ക്കുെമന്ന് ഉറപ്പ് നല്‍കിയതായും എന്‍.എം. വിജയന്റെ മരുമകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കുടംബത്തെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് വീട്ടിലെത്തിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടെന്നും എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കുടംബത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്ന കാര്യം ആലോചിച്ചുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യക്കുറിപ്പിലെ പേരുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയന്റെ മരണത്തിനുശേഷം കുടുംബത്തെ വിശ്വാസത്തിലെടുക്കുന്ന കാര്യങ്ങളില്‍ വീഴ്ച്ചകള്‍ ഉണ്ടായതായി ഉപസമിതിയംഗം സണ്ണി ജോസഫും പ്രതികരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട് ഡി.സി.സി ട്രഷറര്‍ എം.എന്‍. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയിരുന്നിരുന്നു എന്ന ആരോപണമുണ്ടായിരുന്നു.

ഏകദേശം 55 ലക്ഷം നിയമനം നല്‍കാമെന്ന് പറഞ്ഞ് വിവിധ വ്യക്തികളില്‍ നിന്ന് കൈക്കലാക്കിയതായാണ് വിവരം. എന്നാല്‍ ഇത്തരത്തില്‍ അനധികൃതമായി നിയമനം നടത്തിയ പലരുടേയും നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി.

ബാങ്ക് നിയമനത്തിനു വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ കഴിയാതായതോടെ എന്‍.എം.വിജയന്‍ തന്റെ ഭൂമി ഈടു നല്‍കി. ഇത്തരം സാമ്പത്തിക ബാധ്യതകളാണ് വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. കുറിപ്പില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.

നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ഉണ്ടായിരുന്നു.

മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പിലെഴുതിയതായാണ് വിവരം.

Content Highlight: N.M. Vijayan’s economic crisis will be solved ,Party will take responsibility ; KPCC sub-committee assured the family

Latest Stories

We use cookies to give you the best possible experience. Learn more