സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ചിയാൻ വിക്രം ചിത്രം ‘ ധ്രുവനച്ചത്തിരം’. കാലങ്ങളായി സിനിമയുടെ വർക്കുകൾ നടക്കുന്നതിനാൽ ഏറെ നാളുകൾക്കു മുൻപ് തന്നെ ചർച്ചകളിൽ ഇടംപിടിച്ച ചിത്രം കൂടിയാണ് ധ്രുവനച്ചത്തിരം.
മലയാളി താരം വിനായകനാണ് ചിത്രത്തിൽ വിക്രമിന്റെ വില്ലനായി എത്തുന്നത്. ഈയിടെ പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജയിലറിലൂടെ ഹിന്ദി ഒട്ടാകെ വലിയ ശ്രദ്ധ നേടിയ നടനാണ് വിനായകൻ.
ഇപ്പോഴിതാ ചിത്രത്തിലെ വിനായകന്റെ പ്രകടനത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് തമിഴിലെ പ്രമുഖ സംവിധായകൻ എൻ. ലിംഗുസാമി. സിനിമ കണ്ട അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.
ചിത്രത്തിൽ നായകൻ വിക്രം കൂൾ ആയിരുന്നുവെന്നും സിനിമ മുഴുവൻ വിനായകൻ എടുത്തുവെന്നും അദ്ദേഹം കുറിച്ചു. സംവിധായകൻ ഗൗതം മേനോനെയും അഭിനന്ദിക്കാൻ അദ്ദേഹം മറന്നില്ല.
‘മുംബൈയിൽ വച്ച് ധ്രുവനച്ചത്തിരത്തിന്റെ ഫൈനൽ കട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചു. ചിത്രം ഒരു ഫെന്റാസ്റ്റിക് വർക്കാണ്. ഏറ്റവും മികച്ച രീതിയിലാണ് സിനിമയുടെ വിഷ്വൽ ചെയ്തു വെച്ചിട്ടുള്ളത്.
നായകൻ വിക്രം വളരെ കൂൾ ആണ് ചിത്രത്തിൽ. എന്നാൽ വില്ലൻ വിനായകൻ സിനിമ മുഴുവനായി അങ്ങ് കൊണ്ടുപോയിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളും ബ്രില്ല്യൻന്റാണ്. ഗൗതം മേനോനും ഹാരിസ് ജയരാജും ചേർന്ന് മറ്റൊരു രത്നം കൂടെ സമ്മാനിച്ചു,’ലിംഗുസാമി പറയുന്നു.
ഒരു സ്പൈ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് തിയേറ്ററിൽ എത്തുക. ഏഴ് വർഷമെടുത്താണ് ചിത്രം ഷൂട്ട് പൂർത്തിയാക്കിയത്. വിക്രത്തിനൊപ്പം സിമ്രാൻ, റിതു വർമ, രാധിക ശരത് കുമാർ തുടങ്ങിയ വമ്പൻ തരാനിര അഭിനയിക്കുന്ന ചിത്രം ഈ ആഴ്ച്ച തിയേറ്ററുകളിൽ എത്തും.
ജയിലറിന് ശേഷം വരുന്ന വിനായകന്റെ തമിഴ് സിനിമ എന്ന നിലയിൽ വലിയ ചിത്രത്തിനായി വലിയ കാത്തിരിപ്പിൽ തന്നെയാണ് മലയാളികളും.
Content Highlight: N.Lingusami About Performance Of Vinayakan In Dhruvanachathiram Film