കോഴിക്കോട്: തന്റേത് ബി.ജെ.പി അനുകൂല രാഷ്ട്രീയമാക്കി അവതരിപ്പിക്കാന്‍ സി.പി.ഐ.എം ശ്രമം നടത്തുന്നതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച് ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമനോട് താന്‍ ഉന്നയിച്ച ചോദ്യം കേരളത്തിന് നേട്ടമാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിനുള്ള നഷ്ടപരിഹാരം വേഗത്തിലാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായിട്ടാണ് പാര്‍ലമെന്റില്‍ ഇടപെട്ടതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
‘എനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇതിന് തുടക്കമിട്ടത് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ്. വസ്തുതകള്‍ പറയുന്ന മാധ്യമങ്ങള്‍ക്ക് നേരെയും സൈബര്‍ ആക്രമണം നടത്തുന്നുണ്ട്,’ എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
ഐ.ജി.എസ്.ടി വിഹിതം വാങ്ങിയെടുക്കാനായി കേരളം വേണ്ടത്ര ഹോം വര്‍ക്ക് നടത്തിയില്ലെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
‘ഐ.ജി.എസ്.ടിയില്‍ കേരളത്തിന് അര്‍ഹമായ നഷ്ടപരിഹാരം എന്തുകൊണ്ട് കിട്ടിയില്ല എന്ന് ധനമന്ത്രി പറയണം. എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് കിട്ടിയില്ല എന്ന മന്ത്രിയുടെ വാദം തെറ്റാണ്. കേരളം വേണ്ടത്ര ഹോം വര്‍ക്ക് നടത്തിയില്ല. എ.ജി ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് നല്‍കിയ തമിഴ്‌നാടിന് മുഴുവന്‍ നഷ്ടപരിഹാരവും കിട്ടിയിട്ടുണ്ട്,’ പ്രേമചന്ദ്രന്‍ പറഞ്ഞു.
കേരളത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്റെ പാലര്‍മന്റിലെ പ്രതികരണവും വിഷയത്തില്‍ എന്‍.കെ. പ്രമചന്ദ്രന്‍ എം.പിയുടെ ചോദ്യവും രണ്ടാണെന്നുള്ള ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു.
എന്‍.കെ. പ്രേമചന്ദ്രന്‍ ചോദിക്കുന്നത് IGST Revenue Deficit Grant എന്നിവയെ കുറിച്ചായിരുന്നുവെങ്കില്‍ നിര്‍മലാ സീതാരാമന്‍ മറുപടി പറഞ്ഞ എ.ജിയുടെ സര്‍ട്ടിഫിക്കറ്റിനെ കുറിച്ചായിരുന്നെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനം. ഇത് മനസിലായിട്ടും പ്രമചന്ദ്രന്‍ ഇടപെട്ടില്ലെന്നും പരാതിയുണ്ടായിരുന്നു.
‘സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് പിരിക്കുന്നുണ്ട് എന്ന് അറിയിക്കാനാണ് ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ കാര്യം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പാര്‍ലമെന്റില്‍ ഉന്നയിച്ചത്.
നിങ്ങള്‍(കേന്ദ്രം) 20 രൂപ സെസ് പിരിക്കുന്നുണ്ടല്ലോ? ഈ രണ്ട് രൂപ സംസ്ഥാനം സെസായി പിരിക്കുമ്പോള്‍ ഈ 20 രൂപ പിരിക്കുന്നത് കേന്ദ്രം കുറയ്ക്കണ്ടേ എന്ന് ചോദിച്ചിരുന്നുവെങ്കില്‍ നന്നായേനെ,’ എന്നാണ് എന്‍.കെ. പ്രേമചന്ദ്രന് മറുപടിയായി ധനമന്ത്രി പറഞ്ഞിരുന്നത്.