| Friday, 18th January 2019, 6:21 pm

ആര്‍.എസ്.പിയുടെ കൊല്ലം പാര്‍ലമെന്റ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം പാര്‍ലമെന്റ് സ്ഥാനാര്‍ഥിയെ ആര്‍.എസ്.പി പ്രഖ്യാപിച്ചു. സിറ്റിങ് എം.പി. എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ കൊല്ലത്ത് മല്‍സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. നിലവില്‍ കൊല്ലം എം.പിയാണ് പ്രേമചന്ദ്രന്‍.

കൊല്ലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച് ബി.ജെ.പി മന്ത്രിസഭയില്‍ അംഗമാകുമെന്ന പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രേമചന്ദ്രന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം വ്യക്തമാക്കി ആര്‍.എസ്.പി രംഗത്തെത്തിയിരിക്കുന്നത്.


also read:  അയോധ്യയിലെ തെരുവുകളിലെ ജനജീവിതം എങ്ങനെയെന്ന് അറിയണം; ഈ രാമരാജ്യമാണോ ബി.ജെ.പി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്: പ്രകാശ് രാജ്


ബൈപ്പാസ് ഉദ്ഘാടവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രനെതിരെ സി.പി.ഐ.എം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും എ.എ അസീസ് ആരോപിച്ചു. “ആര്‍.എസ്.പി.യിലും യു.ഡി.എഫിലും രണ്ടു അഭിപ്രായമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മല്‍സരിക്കുന്ന സംസ്ഥാനത്തെ ഏക സീറ്റിലെ സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ ആയിരിക്കും.

ബൈപാസ് ഉദ്ഘാനത്തിന് പ്രധാനമന്ത്രി എത്തിയതിന് പിന്നില്‍ പ്രേമചന്ദ്രനാണെന്ന സി.പി.ഐ.എം ആരോപണം ദുഷ്ടലാക്കോടെയുള്ളതാണ്. എം.പി എന്ന നിലയില്‍ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും” എ.എ അസീസ് ആരോപിച്ചു.

എന്‍.കെ പ്രേമചന്ദ്രനെ സംഘപരിവാറിന്റെ ആളാക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കത്തിനെതിരെ ആര്‍.എസ്.പി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും അസീസ് പറഞ്ഞു.


കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്നതില്‍ പ്രേമചന്ദ്രനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്ന് രാഷ്ട്രീയമായി പകപോക്കുന്നു എന്നായിരുന്നു ആരോപണം.

എന്നാല്‍ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയത് ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപിയും കെ സുരേന്ദ്രനുമാണ് മോദി എത്തിയതിനു പിന്നിലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more