തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ച സംഭവത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തണമെന്ന് പറഞ്ഞാണ് വിളിച്ചതെന്നും കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടിയായിരുന്നു ക്ഷണമെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രേമചന്ദ്രന്റെ മറുപടി.
കൂട്ടത്തില്‍ എന്‍.ഡി.എ ഇതര എം.പിയായി താന്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും തന്നെ അതിന് തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്ന് അറിയില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രേമചന്ദ്രന്‍ പറഞ്ഞു.
പോയതില്‍ ജാഗ്രതക്കുറവ് ഉണ്ടായി എന്നാണ് ആരോപണം. ആരോപണം ഉന്നയിക്കുന്ന എളമരം കരീമിനെയോ ജോണ്‍ ബ്രിട്ടാസിനെയോ ആണു ക്ഷണിച്ചിരുന്നതെങ്കില്‍ ‘ഇല്ല, വരില്ല, വര്‍ഗീയ വാദിയായ താങ്കളോടൊപ്പം വരില്ല’ എന്നു പറഞ്ഞ് ഇറങ്ങിപ്പോകുമായിരുന്നോ എന്നും പ്രേമചന്ദ്രന്‍ ചോദിച്ചു.
‘ഉച്ചഭക്ഷണം കഴിഞ്ഞു ഞാന്‍ നേരെ പോയത് പാര്‍ലമെന്റില്‍ മോദിക്കെതിരെ പ്രസംഗിക്കാനാണ്. മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ധവളപത്രത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയം രാവിലെ അവതരിപ്പിച്ചതു ഞാനാണ്.
വൈകിട്ടായിരുന്നു എന്റെ പ്രസംഗം. രാജ്യത്തെ ന്യൂനപക്ഷങ്ങളോടു മോദിയും മോദിയുടെ സര്‍ക്കാരും കാണിക്കുന്ന അനീതി എണ്ണിപ്പറഞ്ഞായിരുന്നു എന്റെ പ്രസംഗം,’ പ്രേമചന്ദ്രന്‍ പറഞ്ഞു
എന്തുകൊണ്ടാണ് അത്തരമൊരു ക്ഷണം നിരസിക്കാതിരുന്നത് എന്ന ചോദ്യത്തിന് നമ്മുടെ രാഷ്ട്രീയ മര്യാദയും ജനാധിപത്യ മര്യാദയും അതിന് അനുവദിക്കുന്നില്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു പാര്‍ലമെന്റ് അംഗത്തെ കാണണമെന്ന് ആഗ്രഹിക്കുമ്പോള്‍ ചെല്ലാതിരിക്കുന്നതു മാന്യതയാണോയെന്നുമായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം. പ്രധാനമന്ത്രിയെ ഓഫീസില്‍ ചെന്നു കാണാമോയെന്നാണ് ചോദിച്ചതെന്നും ഭക്ഷണം കഴിക്കാന്‍ കൂടാമോ എന്നല്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
പണ്ട്, ഷിബു ബേബി ജോണ്‍ മന്ത്രിയായിരിക്കെ, ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കണ്ട് ആറന്മുള കണ്ണാടി സമ്മാനിച്ചപ്പോള്‍ സി.പി.ഐ.എം വലിയ പുകിലുണ്ടാക്കിയെന്നും എന്നാല്‍ മോദിയെ സന്ദര്‍ശിച്ച് പിണറായി വിജയന്‍ എത്രയോ തവണ കസവ് നേര്യതും ആറന്മുള കണ്ണാടിയും കൊടുത്തിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
താന്‍ സംഘിയാണെന്ന് ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ശശി തരൂരിനേയും തന്നേയും കെ. സുധാകരനേയുമൊക്കെ സി.പി.ഐ.എം സംഘിയാക്കിയിട്ടുണ്ടെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
Content Highlight: N.K Premachandran MP About Lunch with modi and the controversy