ഖുര്‍ആനെ മറയാക്കുന്നത് ശബരിമലയേക്കാള്‍ വലിയ പ്രത്യാഘാതമാകും സര്‍ക്കാരിനേല്‍പ്പിക്കുക: എന്‍. കെ പ്രേമചന്ദ്രന്‍
Kerala News
ഖുര്‍ആനെ മറയാക്കുന്നത് ശബരിമലയേക്കാള്‍ വലിയ പ്രത്യാഘാതമാകും സര്‍ക്കാരിനേല്‍പ്പിക്കുക: എന്‍. കെ പ്രേമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th September 2020, 4:03 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഖുര്‍ആനെ മറയാക്കി പ്രസ്താവനകള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍. കെ പ്രേമചന്ദ്രന്‍ എം.പി. ശബരിമലയില്‍ നേരിട്ടതിനെക്കാള്‍ വലിയ തിരിച്ചടിയാകും ഇക്കാര്യത്തില്‍ സര്‍ക്കാരിന് വിശ്വാസികളില്‍ നിന്ന് നേരിടേണ്ടി വരികയെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനും ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും മയക്കു മരുന്നു കേസില്‍ നിന്നും രക്ഷപ്പെടാനുമുള്ള പ്രസ്താവനകളാണ് ഇതെല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പറഞ്ഞുകൊണ്ടിരിക്കുന്നത് മതമൗലിക വാദികള്‍ പോലും പറയാത്ത വര്‍ഗീയതയാണ്. ഖുര്‍ആനെ പ്രതിരോധത്തിന് വേണ്ടി ഉപയോഗിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാുനുള്ള ശ്രമമാണ്. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ തീക്കൊള്ളിക്കൊണ്ട് തലചൊറിയാന്‍ ശ്രമിച്ചാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ സ്വര്‍ണക്കടത്ത് കേസിനെ സംബന്ധിച്ച് സംസാരിച്ചതെന്നും അതിനാലാണ് തങ്ങള്‍ മിണ്ടാതിരുന്നതെന്നും എന്‍. കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സ്വന്തംനിലയില്‍ കാര്യം അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിനെ ഖുര്‍ആന്റെ മറപിടിച്ച് എതിര്‍ക്കുമ്പോള്‍ അത് ബി.ജെ.പിക്ക് വളരാനുള്ള അവസരമൊരുക്കും. കോണ്‍ഗ്രസ് തകര്‍ന്നാലും ബി.ജെ.പി ളര്‍ന്നാല്‍ പ്രശ്‌നമില്ലെന്നാണ് ഇടതുപക്ഷത്തിനുള്ളതെന്നും എന്‍. കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: N K Premachandran against state government on gold smuggling case