കഴിഞ്ഞ ദിവസത്തെ ടി.എന്‍.പി.എല്‍ മത്സരത്തിനിടെ ചില അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ചെപക് സൂപ്പര്‍ ഗില്ലീസും നെല്ലായ് റോയല്‍ കിങ്സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം നടന്നത്. ഇതില്‍ ഉള്‍പ്പെട്ടതാകട്ടെ തമിഴ്നാട് ടീമിലെ സീനിയര്‍ താരങ്ങളും.
ചെപക് ഇന്നിങ്‌സിന്റെ നാലാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന എന്‍. ജഗദീശിനെ ബാബ അപ്രജിത് ഔട്ടാക്കുകയായിരുന്നു. മങ്കാദിങ് വഴിയായിരുന്നു ജഗദീശനെ അപ്രജിത് പുറത്താക്കിയത്.
ഇതോടെ രോഷാകുലനായ ജഗദീശന്‍ പവലിയനിലേക്ക് തിരികെ നടക്കുന്നതിനിടെ പലതവണ നെല്ലായ് താരങ്ങള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ തലപൊക്കിത്തുടങ്ങിയത്.
ട്വിറ്ററില്‍ ഒരുപാട് പ്രതിഷേധങ്ങള്‍ ജഗദീശന് നേരെ ഉയര്‍ന്നിരുന്നു. നിയമം പാലിച്ച് കളിക്കാന്‍ സാധിക്കില്ലയെങ്കില്‍ ഇറങ്ങി പോടാ എന്നാണ് പല ആരാധകരും ജഗദീശനെതിരെ ട്വീറ്റ് ചെയ്തത്.
ഇപ്പോഴിതാ സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജഗദീശന്‍. തന്റെ പൊറുക്കാനാവാത്ത പെരുമാറ്റത്തിന് ക്ഷാപണമെന്നും താന്‍ ക്രിക്കറ്റിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും ജഗദീശ് ട്വിറ്ററില്‍ പറഞ്ഞു.
താന്‍ ചെയ്തതില്‍ ഒരു എക്‌സ്‌ക്യൂസും തനിക്ക് കാണാന്‍ സാധിക്കുന്നില്ലയെന്നും ഇങ്ങനെ ഒരിക്കലും റിയാക്റ്റ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപാട് കുറ്റബോധത്തോടെയാണ് ഇത് എഴുതുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്.
അതേസമയം മത്സരത്തില്‍ നെല്ലായ് റോയല്‍ കിങ്സായിരുന്നു വിജയിച്ചത്. 184 റണ്‍സ് പിന്തുടര്‍ന്ന ചെപക് അതേ സ്‌കോര്‍ തന്നെയായിരുന്നു നേടിയത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ നെല്ലായ് വിജയിക്കുകയായിരുന്നു.