ന്യൂദല്‍ഹി: പാകിസ്ഥാന്‍ പിന്തുണ നല്‍കുന്ന ഗസ്‌വ-ഇ-ഹിന്ദ് മൊഡ്യൂള്‍ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംസ്ഥാനങ്ങളിലുടനീളം നടത്തിയ റെയ്ഡുകളില്‍ കുറ്റകരമായ രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഇടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായും എന്‍.ഐ.എ പറഞ്ഞു.
പ്രതികള്‍ പാകിസ്ഥാനുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഗസ്‌വ-ഇ-ഹിന്ദ് മൊഡ്യൂള്‍ എന്ന ഇന്ത്യാ വിരുദ്ധമായ ആശയം പ്രചരിപ്പിക്കാന്‍ പങ്കാളികളായിട്ടുണ്ടെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി. റെയ്ഡ് നടത്തിയ ഇടങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകളും നിരവധി സിം കാര്‍ഡുകളും മറ്റു രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിര്‍ സോമനാഥ്, ഉത്തര്‍പ്രദേശിലെ അസംഗഡ്, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലെ സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബീഹാര്‍ സംസ്ഥാനത്തിലെ പട്ന ജില്ലയില്‍ മര്‍ഗൂബ് അഹമ്മദ് ദാനിഷ് എന്ന താഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഭവുമായി ബന്ധപ്പെട്ട ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
പാകിസ്ഥാന്‍ പൗരനായ സെയിന്‍ സൃഷ്ടിച്ച ഗസ്‌വ-ഇ-ഹിന്ദ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു മാര്‍ഗൂബ്. ഈ ഗ്രൂപ്പില്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാന്‍, ബംഗ്ലാദേശ്, യെമന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി ആളുകളെ പ്രതിയായ മര്‍ഗൂബ് ചേര്‍ത്തിരുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിയായ മര്‍ഗൂബ് അഹമ്മദ് ഡാനിഷിനെതിരെ ഈ വര്‍ഷം ജനുവരി ആറിനായിരുന്നു ഭീകരവിരുദ്ധ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യയില്‍ ഗസ്‌വ-ഇ-ഹിന്ദ് സ്ഥാപിച്ച് രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാന്‍ ലക്ഷ്യമിടുന്ന പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സംഘടനയാണ് ഇതെന്ന് സംശയിക്കുന്നതായി എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlight: N.I.A raids in four states in Ghazwa-e-Hind module case