| Wednesday, 1st March 2023, 10:50 am

ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനം; ഏഴ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഭോപ്പാല്‍-ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനക്കേസ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതി. കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളില്‍ ഏഴ് പേര്‍ക്ക് വധശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഹമ്മദ് ഫൈസല്‍, ഗൗസ് മുഹമ്മദ് ഖാന്‍, അസ്ഹര്‍, ആത്തിഫ് മുസഫര്‍, ഡാനിഷ്, മീര്‍ ഹുസൈന്‍, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് വധശിക്ഷയും ആത്തിഫ് ഇറാക്കിക്ക് ജീവപര്യന്ത്യവുമാണ് കോടതി വിധിച്ചത്.

2017ല്‍ മധ്യപ്രദേശിലെ ഭോപ്പാല്‍-ഉജ്ജയിന്‍ റെയില്‍വേ ലൈനില്‍ ജബ്‌രി സ്റ്റേഷനടുത്ത് വെച്ച് ട്രെയിനില്‍ സ്‌ഫോടനം നടത്തിയ കേസിലാണ് പ്രതികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

കേസ് അന്വേഷിച്ച എന്‍.ഐ.എ സംഘം ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പങ്കിനെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസില്‍ വാദം കേട്ട കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ചു. പ്രതികള്‍ രാജ്യത്തിനെതിരെ നടത്തിയ യുദ്ധമാണ് സ്‌ഫോടനമെന്ന് കുറ്റപ്പെടുത്തിയ കോടതി പ്രതികള്‍ സമര്‍പ്പിച്ച ഹരജിയും തള്ളി. കേസ് തുടര്‍നടപടികള്‍ക്കായി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

2017 മാര്‍ച്ച് 7ന് മധ്യപ്രദേശിലെ ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. മധ്യപ്രദേശിലെ ജബ്‌രി സ്‌റ്റേഷനടുത്ത് വെച്ച് ട്രെയിനിലെ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്.

സംഭവത്തില്‍ മാര്‍ച്ച് 8ന് ലഖ്‌നൗവിലെ എ.ടി.എസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസില്‍ ആദ്യം കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഫൈസലിന് നിരോധിത സംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന ആരോപണത്തെതുടര്‍ന്നാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്.

ഇയാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം വിടാന്‍ തീരുമാനിച്ചതായും കുറ്റപത്രത്തില്‍ ആരോപണമുണ്ട്. 2017 ആഗസ്റ്റിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കഴിഞ്ഞാണ് ഇപ്പോഴത്തെ വിധി. കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന സൈഫുള്ള പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlight: N.I.A court award death sentence to bhopal train blast convicts

We use cookies to give you the best possible experience. Learn more