പുതിയ 2000 രൂപ നോട്ടില്‍ നാനോ ടെക്‌നോളജിയും ജി.പി.എസ് സംവിധാനവും ഉണ്ടെന്ന് ആധികാരിക ചര്‍ച്ചയ്ക് ശേഷം വെളിപ്പെടുത്തുന്നതായി പറയുന്ന സംഘപരിവാര്‍ സൈദ്ധാന്തികനും പ്രഭാഷകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കൊച്ചി: 2000 രൂപയുടെ നോട്ട് ഇറങ്ങിയപ്പോള്‍ അതില്‍ ചിപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉണ്ടെന്ന തരത്തില്‍ വ്യജ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവംബര്‍ 9ന് തന്നെ ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.
ഇത്തരം ഒരു സംവിധാനം ലോകത്ത് എവിടെയും നിലവിലില്ലെന്നും റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കിലാവാല വ്യക്തമാക്കിയിരുന്നു. മാത്രമല്ല 2005നുശേഷം ഇറങ്ങിയ നോട്ടുകളില്‍ ഉള്ളതില്‍കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ പുതിയ 2000 രൂപ നോട്ടുകളില്‍ ഇല്ല എന്ന വിവരവും പുറത്തുവന്നിരുന്നു.
Also Read: മണിയെ മന്ത്രിയാക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് കുമ്മനം
എന്നാല്‍ പുതിയ 2000 രൂപ നോട്ടില്‍ നാനോ ടെക്‌നോളജിയും ജി.പി.എസ് സംവിധാനവും ഉണ്ടെന്ന് ആധികാരിക ചര്‍ച്ചയ്ക് ശേഷം വെളിപ്പെടുത്തുന്നതായി പറയുന്ന സംഘപരിവാര്‍ സൈദ്ധാന്തികനും പ്രഭാഷകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നോട്ടില്‍ ചിപ്പുണ്ടെന്നത് വ്യാജമാണെന്നും പക്ഷെ ബാക്കിയുള്ള സംവിധാനങ്ങള്‍ എല്ലാം നോട്ടിലുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ പറയുന്നത്.
“പുതിയ നോട്ടില്‍ നാനോ ടെക്‌നോളജി ഉപയോഗപ്പെടുത്തിയ സംവിധാനം ഉണ്ട്. അത് ചിപ്പ് അല്ല. പുറത്തുനിന്ന് ഊര്‍ജ്ജം ആവശ്യമില്ല ഈ സംവിധാനത്തിന്. ഇതൊരു സിഗ്‌നല്‍ റിഫ്‌ളക്ടറായാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയല്‍ നമ്പര്‍ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കുന്നതാണ് ഈ സംവിധാനം. എവിടെയാണ് പണമിരിക്കുന്ന ലൊക്കേഷന്‍, എത്ര നോട്ടുകള്‍ ഉണ്ട് എന്നും കൃത്യമായ വിവരം നല്‍കുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്.
നവംബര്‍ 9ന് പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആര്‍.ബി.ഐ വെളിപ്പെടുത്തലിന് ശേഷം നവംബര്‍ 14ന് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത പ്രഭാഷണത്തിലാണ് ഗോപാലകൃഷ്ണന്‍ തെറ്റായ കാര്യം ആവര്‍ത്തിക്കുന്നത്. ഇതില്‍ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്ന് പറയുന്ന ഗോപാലകൃഷ്ണന്‍, ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്‌നോളജി മെറ്റീരിയല്‍ എന്താണെന്ന വിവരം സര്‍ക്കാര്‍ ഇനിയും പുറത്തുവിട്ടിട്ടില്ലെന്നും പറയുന്നുണ്ട്.
Also Read: രണ്ടും കള്ളപ്പണ മുന്നണികളെന്ന് കുമ്മനം; സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ബി.ജെ.പി ഇറങ്ങിപ്പോയി
ഈ നോട്ടുകള്‍ കുറേക്കാലം ഒരിടത്തിരിക്കുകയോ “ഉദ്ദേശശുദ്ധിയില്ലാതെ” സൂക്ഷിക്കുകയോ ചെയ്താല്‍ ഇത് ആദായ നികുതി വകുപ്പിന് വിവരം നല്‍കും. അപ്പോള്‍ വീടും അലമാരയും ഇടിച്ചുപൊളിക്കാതെ തന്നെ പണം എവിടുണ്ടെന്ന് മനസിലാക്കി ആദായ നികുതി വകുപ്പിന് പണം കണ്ടെത്താന്‍ കഴിയും. എന്നാല്‍, 100 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍പോലും സിഗ്‌നല്‍ ലഭിക്കുമെന്നത് ആളുകള്‍ അല്‍പ്പം കടത്തി പറയുന്നതാണെന്നും ഗോപാലകൃഷ്ണന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായ ഈ സംവിധാനത്തിലൂടെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാകുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ കൂടിയായ ഗോപാലകൃഷ്ണന്‍ നേരത്തെ മലപ്പുറം ജില്ലയേയും മുസ്‌ലിം സമുദായത്തേയും അവഹേളിച്ച് നടത്തിയ പ്രഭാഷണം വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.