മലപ്പുറത്ത് എം.എല്‍.എമാര്‍ കൂടാന്‍ കാരണം പന്നി പ്രസവിക്കുന്നത് പോലെ കുട്ടികളെ ഉണ്ടാക്കുന്നത് കൊണ്ടെന്ന തന്റെ പരാമര്‍ശമടങ്ങിയ വിവാദമായ വീഡിയോ മൂന്ന്-നാല് വര്‍ഷം പഴക്കമുള്ളതാണെന്ന് ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പറയുന്നു.
കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയിലും മറ്റും ഏറെ വിവാദങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചുവരുത്തിയ വിവാദവീഡിയോയിലെ പരാമര്‍ശത്തിന് വിശദീകരണവുമായി ഡോ. എന്‍. ഗോപാലകൃഷ്ണന്‍.
മലപ്പുറത്ത് എം.എല്‍.എമാര്‍ കൂടാന്‍ കാരണം പന്നി പ്രസവിക്കുന്നത് പോലെ കുട്ടികളെ ഉണ്ടാക്കുന്നത് കൊണ്ടെന്ന തന്റെ പരാമര്‍ശമടങ്ങിയ വിവാദമായ വീഡിയോ മൂന്ന്-നാല് വര്‍ഷം പഴക്കമുള്ളതാണെന്ന് ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പറയുന്നു.
ഇസ്‌ലാം സമുദായത്തിലെ രീതികളെ കുറിച്ചും, ബഹുഭാര്യാത്വത്തെ കുറിച്ചും, കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം സമുദായത്തിന്റെ സമീപനത്തെ കുറിച്ചും അന്നത്തെ കാലത്ത് പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ അതിനെകുറിച്ച് താനൊന്ന് കമന്റ് ചെയ്യുകയായിരുന്നു. അതൊന്നും തന്റെ വരികളല്ലെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദമായ വീഡിയോയിലെ “മുസ്‌ലിം”, “രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട് ” എന്നീ പ്രയോഗങ്ങള്‍ വിശദീകരണ വീഡിയോയില്‍ “ഇസ്‌ലാം”, “സമുദായത്തിലെ ബഹുഭാര്യാത്വം” എന്നിങ്ങനെ മാറ്റിയിരിക്കുയാണ് ഗോപാലകൃഷ്ണന്‍.
അന്നത്തെ വിഷയത്തിനോട് അനുബന്ധിച്ചാണ് അത്തരത്തില്‍ താന്‍ അഭിപ്രായപ്പെട്ടതെന്നും ഡോ. ഗോപാലകൃഷ്ണന്‍ പറയുന്നു. മലപ്പുറം ജില്ല ഒരു മിനി പാക്കിസ്ഥാനാണെന്ന പരാമര്‍ശവും തന്റേതല്ല. അതും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാണിച്ചതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഇതിനിടെ ദേശാഭിമാനിയെയും കൈരളിയെയും വാനോളം പുകഴ്ത്തി പിണറായി വിജയനെയും സര്‍ക്കാരിനെയും കയ്യിലെടുക്കാനുള്ള ശ്രമവും ഗോപാലകൃഷ്ണന്‍ നടത്തി. പൈതൃകം പ്രചിപ്പിക്കുന്നതില്‍ കൈരളി ചാനലിന്റെ പങ്കിനെ പറ്റി താന്‍ തന്റെ പ്രഭാഷണങ്ങളില്‍ പറയാറുണ്ട്. ദേശാഭിമാനി ഇത്തരം വാര്‍ത്തള്‍ ഒന്നാം പേജില്‍ തന്നെ നല്‍കാറുമുണ്ട്, അദ്ദേഹം പറഞ്ഞു.
താനൊരു വര്‍ഗീയ വാദിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും തനിക്ക് ഇതില്‍ ദുഖമുണ്ടെന്നും ഡോ. എന്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ മാപ്പ് പറയാന്‍ താന്‍ തയ്യാറുണ്ടെന്നും ഡോ. എന്‍. ഗോപാലകൃഷ്ണന്‍ സൂചിപ്പിച്ചു.
മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് ഡോ. എന്‍. ഗോപാലകൃഷ്ണമെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ അപ്‌ലോഡ് ചെയ്ത പുതിയ വീഡിയോയില്‍ തന്റെ മുന്‍ നിലപാട് മയപ്പെടുത്തി ഡോ. എന്‍. ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.
വിവാദ പ്രഭാഷകനായ ഡോ. സാകിര്‍ നായിക്കിനെതിരായ തന്റെ നിലപാടുകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി വീഡിയോയിലായിരുന്നു ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍. തന്റെ യൂട്യൂബ് ചാനലില്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍ പ്രസംഗം അപ്‌ലോഡ് ചെയ്തിരുന്നത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മുമ്പും ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറാണ്.
വിദ്വേഷ പ്രസംഗങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുമെന്നാരോപിച്ച് കസര്‍കോഡ് ഗവ. പ്ലീഡര്‍ അഡ്വ. സി. ഷുക്കൂര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഷംസുദ്ദീന്‍ പാലത്തിനെതിരേയും കെ.പി ശശികലക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ട് പരാതികള്‍ നല്‍കിയിരുന്നു.